വിനു മങ്കാദ് ട്രോഫി: രോഹിതിന്റെ സെഞ്ച്വറി കരുത്ത് തുണച്ചില്ല; കേരളത്തിന് തോൽവി
പത്തൊൻപത് വയസിന് താഴെയുള്ളവരുടെ വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് മുംബൈയോട് ആറ് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തുവെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ടൂർണമെന്റിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ കെ.ആർ. രോഹിതിന്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. സ്കോർ ബോർഡിൽ 69 റൺസ് ചേരുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളത്തെ, അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കെ.ആർ. രോഹിത് - മാനവ് കൃഷ്ണ സഖ്യമാണ് വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 110 പന്തുകളിൽ നിന്ന് 14 ഫോറും 3 സിക്സും സഹിതം 118 റൺസെടുത്ത രോഹിത് കേരളത്തിന്റെ ടോപ് സ്കോറർ ആയി. മാനവ് കൃഷ്ണ 67 റൺസും, വാലറ്റത്ത് തകർത്തടിച്ച് പുറത്താകാതെ നിന്ന തോമസ് മാത്യു 51 പന്തുകളിൽ നിന്ന് 61 റൺസും നേടി. മുംബൈയ്ക്കായി ഷെയ്ൻ റാസ മൂന്നും, ശൗര്യ റായ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ അഭിനവ് സാഹയും (51) ആയുഷ് മഖ്വാനയും (74) ചേർന്ന് മികച്ച തുടക്കം നൽകി. അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇഷാൻ കുനാൽ കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും, ക്യാപ്റ്റൻ ആര്യൻ സക്പാൽ നടത്തിയ ചെറുത്തുനിൽപ്പ് മുംബൈയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. പുറത്താകാതെ നിന്ന ആര്യൻ 73 പന്തുകളിൽ നിന്ന് 87 റൺസ് നേടി. കേരളത്തിനായി ഇഷാൻ കുനാൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
