കോഹ്‌ലി കരുത്തിൽ ആർസിബിക്ക് തകർപ്പൻ തുടക്കം; സൺറൈസേഴ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി
ഐപിഎൽ 2026 സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റ് വിജയം. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്. സൺറൈസേഴ്‌സ് ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടന്നു.
തുടക്കത്തിൽ ഫിൽ സാൾട്ടിനെ (8) വേഗത്തിൽ നഷ്ടമായെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനം ആർസിബിക്ക് കരുത്തായി. വെറും 26 പന്തിൽ നിന്ന് 7 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസാണ് പടിക്കൽ അടിച്ചെടുത്തത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ രജത് പടിദാർ 12 പന്തിൽ 31 റൺസ് നേടി പുറത്തായി. ഒരു ഘട്ടത്തിൽ പടിദാറും ജിതേഷ് ശർമ്മയും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ബംഗളൂരു സമ്മർദ്ദത്തിലായെങ്കിലും വിരാട് കോഹ്‌ലി ക്രീസിലുറച്ചു നിന്നു. 33 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച കോഹ്‌ലി ടീമിനെ വിജയതീരത്തെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. ഇഷാൻ കിഷന്റെയും (38 പന്തിൽ 80) അനികേത് വർമ്മയുടെയും (17 പന്തിൽ 43) ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് മികച്ച സ്കോർ കണ്ടെത്തിയത്. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
