ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും; ടീമിൽ സഞ്ജു സാംസണും

  1. Home
  2. Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും; ടീമിൽ സഞ്ജു സാംസണും

v v lakshman


ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ താരം വി.വി.എസ്. ലക്ഷ്മണിനെ നിയമിച്ചു. സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവരാണ് പരിശീലക സംഘത്തിലെ മറ്റംഗങ്ങൾ. ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേസമയത്ത് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം നടക്കുന്നതിനാൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സീനിയർ ടീമിനൊപ്പമുണ്ടാകും. ഈ സാഹചര്യത്തിലാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് മേധാവിയായ ലക്ഷ്മണിന് ചുമതല നൽകിയത്.

ശ്രേയസ് അയ്യർ നയിക്കുന്ന ശക്തമായ പുരുഷ നിരയാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനായി പോരടിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, വൈസ് ക്യാപ്റ്റൻ തിലക് വർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ, അഭിഷേക് ശർമ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലാണ് വനിതാ ടീം കളത്തിലിറങ്ങുന്നത്.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ജപ്പാനിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. കഴിഞ്ഞ തവണ ചൈനയിൽ നടന്ന ഗെയിംസിലും ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു.