'വാംഖഡെയിൽ ഇന്ന് തീപാറും'; ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈയും ചെന്നൈയും നേർക്കുനേർ

  1. Home
  2. Sports

'വാംഖഡെയിൽ ഇന്ന് തീപാറും'; ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈയും ചെന്നൈയും നേർക്കുനേർ

ipl


ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാകുന്നു. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം രാത്രിയാണ് നടക്കുക. സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയുടെയും എം.എസ്. ധോനിയുടെയും പരിക്ക് ഭേദമായെന്നും ഇരുവരും ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതമാണുള്ളത്.

അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയുടെ ബോളിങ്ങും തിലക് വർമ്മയുടെ ബാറ്റിങ്ങും മുംബൈയ്ക്ക് വലിയ കരുത്താണ്. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ തിലക് വർമ്മ അതേ ഫോം തുടർന്നാൽ മുംബൈയ്ക്ക് മികച്ച സ്കോർ കണ്ടെത്താനാകും. എന്നാൽ ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ് എന്നിവരുടെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്.

അതേസമയം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്. യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ചെന്നൈ ആരാധകർ മുഴുവൻ പ്രതീക്ഷ വെക്കുന്നത്. സഞ്ജു ഫോമിലെത്തിയാൽ മുംബൈയെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ ചെന്നൈയ്ക്ക് സാധിക്കും. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ജയം അനിവാര്യമായതിനാൽ വാശിയേറിയ പോരാട്ടം തന്നെ ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.