വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യക്കും ന്യൂസീലൻഡിനും തിരിച്ചടി

  1. Home
  2. Sports

വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യക്കും ന്യൂസീലൻഡിനും തിരിച്ചടി

india new zealand


ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇന്ത്യക്കും ആതിഥേയരായ കിവീസിനും കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് 51.52 പോയന്റ് ശതമാനമുണ്ടായിരുന്ന ഇന്ത്യ, വെല്ലിങ്ടണിൽ വിജയം നേടാനാകാതെ വന്നതോടെ 50 ശതമാനത്തിലേക്ക് താഴ്ന്നു. പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്ന ഗില്ലിനും സംഘത്തിനും ഇതോടെ ഫൈനൽ പ്രവേശന സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ അഞ്ച് ജയവും നാല് തോൽവിയും മൂന്ന് സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

അതേസമയം, സ്വന്തം തട്ടകത്തിൽ ജയിക്കാനാകാതെ പോയത് ന്യൂസീലൻഡിന്റെ റാങ്കിങ്ങിനെയും ബാധിച്ചു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കിവീസ് 72.22 പോയന്റ് ശതമാനത്തിൽ നിന്ന് 66.67 ശതമാനത്തിലേക്ക് ഇടിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയും രണ്ട് സമനിലയുമാണ് ന്യൂസീലൻഡിനുള്ളത്. കിവീസിന് സ്ഥാനം നഷ്ടമായതോടെ 69.23 പോയന്റ് ശതമാനമുള്ള ഓസ്ട്രേലിയ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. അടുത്തിടെ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്ത ദക്ഷിണാഫ്രിക്ക 75 പോയന്റ് ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ട് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയുമാണ് പ്രോട്ടീസിന്റെ സമ്പാദ്യം.

വെല്ലിങ്ടൺ ടെസ്റ്റിന്റെ അഞ്ചാം ദിനം മൂന്നാം സെഷനിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിൽ ന്യൂസീലൻഡ് ബാറ്റിംഗ് തുടരവെയാണ് മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ക്രീസിൽ ഉറച്ചുനിന്ന ഡാരിൽ മിച്ചലിന്റെയും (49) ഗ്ലെൻ ഫിലിപ്സിന്റെയും (26) ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് അവസാന അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കിവീസ് പ്രതിരോധം തകർക്കാനായില്ല.