കൊച്ചി ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ; വാടക കുറച്ച് ജിസിഡിഎ, സ്റ്റേഡിയം പ്രതിസന്ധിക്ക് പരിഹാരം
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് മാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമായി. സ്റ്റേഡിയം വാടക സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും പുതിയ കരാറിൽ ഒപ്പുവെച്ചു. ഒരു മത്സരത്തിന് 4.20 ലക്ഷം രൂപ വാടക നൽകണമെന്ന മുൻ നിലപാടിൽ നിന്ന് ജിസിഡിഎ പിന്മാറുകയും അത് മൂന്ന് ലക്ഷം രൂപയായി നിശ്ചയിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. നേരത്തെ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റായ ഒരു കോടി രൂപ മാറ്റമില്ലാതെ തുടരും.
വാടക കുത്തനെ കൂട്ടിച്ചോദിച്ച ജിസിഡിഎ നടപടിയിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനിടെ മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം സ്റ്റേഡിയം സുരക്ഷാ വിഭാഗം തടഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പരിശീലകനും താരങ്ങളും എത്തിയെങ്കിലും പ്രസ് മീറ്റ് നടത്താൻ അനുവദിക്കാത്തതിനെത്തുടർന്ന് ഓൺലൈനായാണ് ബ്ലാസ്റ്റേഴ്സ് മാധ്യമങ്ങളെ കണ്ടത്.
തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളും കൊച്ചിയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.
