വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: ആതിഥേയരായ ചൈനയെ വീഴ്ത്തി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം
എ.എച്ച്.എഫ് വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ആതിഥേയരായ ചൈനയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടനേട്ടം. ചൈനയിലെ മോഖിയിൽ നടന്ന വാശിയേറിയ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ യുവനിര ചൈനയെ കീഴടക്കിയത്. ജയത്തോടെ ഇന്ത്യ വരാനിരിക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ സനിക ചന്ദ്രകാന്ത് മാനെയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ലഭിച്ച അവസരം സനിക ചൈനീസ് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം തോൽവിയറിയാതെ മുന്നേറിയ ഇന്ത്യ സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 5-1 ന് തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ ഓരോ അംഗത്തിനും മൂന്ന് ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.
