പുരുഷ ലോകകപ്പിൽ വീണ്ടും വനിതാ റഫറിമാരുടെ ചരിത്ര വിസിൽ; കളി നിയന്ത്രിക്കാൻ ടോറി പെൻസോയും സംഘവുമെത്തി

  1. Home
  2. Sports

പുരുഷ ലോകകപ്പിൽ വീണ്ടും വനിതാ റഫറിമാരുടെ ചരിത്ര വിസിൽ; കളി നിയന്ത്രിക്കാൻ ടോറി പെൻസോയും സംഘവുമെത്തി

fifa


ഫിഫ പുരുഷ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി കുറിച്ച് ചെക്ക് റിപ്പബ്ലിക് - ദക്ഷിണാഫ്രിക്ക പോരാട്ടം. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു അമേരിക്കൻ വനിത പ്രധാന റഫറിയായി പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്നത്. 39-കാരിയായ ടോറി പെൻസോയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നിലവിലെ ലോകകപ്പിൽ വനിതാ റഫറിമാർ കളി നിയന്ത്രിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. പ്രധാന റഫറിയായ പെൻസോയ്ക്ക് പുറമെ അസിസ്റ്റന്റ് റഫറിമാരായ ബ്രൂക്ക് മായോ, കാതറിൻ നെസ്ബിറ്റ് എന്നിവരും അമേരിക്കയിൽ നിന്നുള്ള വനിതകളായിരുന്നു.

പുരുഷന്മാരുടെ ലോകകപ്പിൽ പൂർണ്ണമായും വനിതാ റഫറിമാർ കളി നിയന്ത്രിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് 2022-ലെ ഖത്തർ ലോകകപ്പിലെ ജർമ്മനി - കോസ്റ്ററിക്ക മത്സരമായിരുന്നു സ്റ്റെഫനി ഫ്രപ്പാർട്ട്, ന്യൂസ ബെക്ക്, കാരെൻ ഡയസ് എന്നിവരടങ്ങുന്ന വനിതാ സംഘം നിയന്ത്രിച്ചത്. ആ ചരിത്ര നിരയിലേക്കാണ് ഇപ്പോൾ ടോറി പെൻസോയും സംഘവും വിസിലൂതി നടന്നു കയറിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ സമനില

ചരിത്രപരമായ റഫറിയിംഗിന് സാക്ഷ്യം വഹിച്ച ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ദക്ഷിണാഫ്രിക്ക സമനിലയിൽ തളച്ചു (1-1). കളിയുടെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച ചെക്ക് റിപ്പബ്ലിക് ആറാം മിനിറ്റിൽ മികേൽ സാദിലെകിലൂടെ ആദ്യ ഗോൾ നേടി മുന്നിലെത്തിയിരുന്നു.

എന്നാൽ കളി അവസാനിക്കാൻ വെറും 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് തെബോഹോ മൊകെയ്‌ന ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ സമനില സമ്മാനിക്കുകയായിരുന്നു.