ലോകകപ്പ്: സൗദി - ഉറുഗ്വേ മത്സരവും ഈജിപ്ത് - ബെൽജിയം പോരാട്ടവും സമനിലയിൽ

  1. Home
  2. Sports

ലോകകപ്പ്: സൗദി - ഉറുഗ്വേ മത്സരവും ഈജിപ്ത് - ബെൽജിയം പോരാട്ടവും സമനിലയിൽ

fifa


ഫിഫ ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ ആവേശപ്പോരാട്ടത്തിൽ അവസാന നിമിഷം ഗോൾ മടക്കി ഉറുഗ്വേ സമനില പിടിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റിൽ മുന്നേറ്റ താരം മാക്സ്മിലിയാനോ അറാഹോ നേടിയ ഗോളാണ് ഉറുഗ്വേക്ക് തുണയായത്. ഈ സമനിലയോടെ ഗ്രൂപ്പ് എച്ചിൽ സ്പെയ്നിനെ മറികടന്ന് ഉറുഗ്വേ ഒന്നാം സ്ഥാനത്തെത്തി. ആദ്യ പകുതിയിൽ അബ്ദുല്ല അൽ അമ്രി നേടിയ ഗോളിലൂടെ സൗദിയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്.

ഡാർവിൻ ന്യൂനസ്, ഫെഡറികോ വൽവർഡേ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ഇറങ്ങിയ ലാറ്റിൻ അമേരിക്കൻ കരുത്തരായ ഉറുഗ്വേയ്ക്കെതിരെ മികച്ച പ്രകടനമാണ് സൗദി കാഴ്ചവെച്ചത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് ഉറുഗ്വൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേറയെ കീഴ്പ്പെടുത്തി സൗദി വല കുലുക്കിയത്.

മറ്റൊരു മത്സരത്തിൽ ശക്തരായ ബെൽജിയത്തെ ഈജിപ്ത് സമനിലയിൽ തളച്ചു (1-1). ഇമാം അശൗറിന്റെ ഗോളിൽ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മുഹമ്മദ് ഹാനി വഴങ്ങിയ സെൽഫ് ഗോൾ ബെൽജിയത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ഈ ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഇറാൻ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6:30-ന് ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ് മത്സരം.