ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് അബൂദബിയിൽ തുടക്കം
ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് അബൂദബി മുബാദല അരീനയിൽ ആഗസ്റ്റ് ഒന്ന് മുതൽ തുടക്കമാകുന്നു. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,500-ലധികം താരങ്ങളാണ് അണിനിരക്കുന്നത്. ഇന്റർനാഷണൽ ജിയു ജിറ്റ്‌സു ഫെഡറേഷന്റെ മേൽനോട്ടത്തിൽ യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷനാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ആഗസ്റ്റ് ഒമ്പത് വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ അഡൾട്ട്, മാസ്റ്റേഴ്‌സ് വിഭാഗങ്ങൾക്ക് പുറമേ അണ്ടർ-14, അണ്ടർ-16, അണ്ടർ-18, അണ്ടർ-21 എന്നീ പ്രായപരിധിയിലുള്ള മത്സരങ്ങളും ഉണ്ടാകും. ഭരണനേതൃത്വത്തിന്റെ പിന്തുണയും മികച്ച സൗകര്യങ്ങളുമാണ് അബൂദബിയെ ഈ കായിക ഇനത്തിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റിയതെന്ന് യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷൻ ചെയർമാൻ അബ്ദുൽ മുൻഇം അൽ ഹാശിമി വ്യക്തമാക്കി. സ്വന്തം നാട്ടിൽ മാറ്റുരയ്ക്കുന്ന യു.എ.ഇ ദേശീയ ടീം വലിയ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
