സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വൊസീഞ്ഞ

  1. Home
  2. Sports

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വൊസീഞ്ഞ

a


പത്തോളം അഗ്‌നിപർവതങ്ങളുണ്ട്‌ കേപ്‌ വെർദെയിൽ. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ അതിലൊരു അഗ്‌നിപർവതമായി വൊസീന്യ. സ്‌പാനിഷ്‌ കടന്നുകയറ്റത്തെ അതിർത്തിയിൽ പുകച്ചുവിട്ടൊരു മലയായി വളരുകയായിരുന്നു നാൽപ്പതുകാരൻ. മഹാസമുദ്രം പോലെ ആഞ്ഞടിച്ച സ്‌പാനിഷ്‌ ആക്രമണങ്ങളെ ആ ഗോൾകീപ്പർ നിർവീര്യമാക്കി. കന്നി ലോകകപ്പ്‌ കളിക്കുന്ന ആഫ്രിക്കൻ രാജ്യം ജയത്തോളം പോന്ന സമനിലയുമായി കളത്തിൽ നിന്ന്‌ തിരിച്ചുകയറിയപ്പോൾ വൊസീന്യയുടെ കണ്ണിൽ കണ്ടു തീഗോളം.

804 പാസുകളും 27 ഷോട്ടുകളും തൊടുത്ത സ്‌പാനിഷ്‌ നിരയ്‌ക്ക്‌ 0–0 എന്ന സ്‌കോർ കൂടാരത്തിലേക്ക്‌ മടങ്ങുമ്പോഴും അവിശ്വസനീയമായി തോന്നി.

കിരീട സാധ്യതയിൽ ഏറെ മുന്നിൽ നിൽക്കുന്ന സ്‌പെയ്‌നിന്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ദ്വീപ്‌ രാജ്യത്തിന്റെ വീര്യമറിയുമായിരുന്നില്ല. നിലവിലെ യൂറോപ്യൻ ചാന്പ്യൻമാർക്ക്‌ ചെറുത്തുനിൽപ്പിന്റെ കഠിനപാഠം പകർന്നായിരുന്നു കേപ്‌ വെർദെയുടെ മടക്കം. കളംവിടുന്പോൾ പൊട്ടിക്കരഞ്ഞ വൊസീന്യ ഇ‍ൗ ലോകകപ്പിന്റെ കാഴ്‌ചകളിലൊന്നായി മാറി. കുറസാവോ കഴിഞ്ഞാൽ ഇ‍ൗ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ്‌ കേപ്‌ വെർദെ. അഞ്ചേകാൽ ലക്ഷമാണ്‌ ജനസംഖ്യ.

പോർച്ചുഗീസ്‌ ഭാഷയിൽ ‘നീല സ്രാവുകൾ’ എന്നാണ്‌ കേപ്‌ വെർദെ ടീമിനുള്ള വിശേഷണം. കളത്തിൽ അവർ സ്രാവുകളായി. റോഡ്രിയും ഫെറാൻ ടോറെസും ഫാബിയാൻ റൂയിസും അടങ്ങിയ സ്‌പാനിഷ്‌ നിര പിടഞ്ഞുപോയി. പകരക്കാരനായെത്തിയ സൂപ്പർ താരം ലമീൻ യമാലിനും വൊസീന്യയെ കീഴടക്കാനായില്ല.