'നിങ്ങളാണ് ഇപ്പോഴെന്റെ പ്രചോദനം'. ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതിയ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് സൂര്യകുമാർ യാദവ്
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ യു.എ.ഇയ്ക്കെതിരെ വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി ക്രിക്കറ്റ് ചരിത്രം തിരുത്തിയ യുവതാരം വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഇന്ത്യൻ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വൈഭവ് ഇപ്പോൾ തന്റെ പ്രചോദനമാണെന്നാണ് സൂര്യകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയും മുഹമ്മദ് കൈഫും കൗമാരതാരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തി. ഇത്ര ചെറിയ പ്രായത്തിൽ ഇരട്ട സെഞ്ചുറി നേടുന്നത് വൈഭവിന്റെ പോരാടാനുള്ള മനസ്സിനെയും അസാധാരണമായ കഴിവിനെയും കാണിക്കുന്നുവെന്നും, വലിയ സ്വപ്നങ്ങൾ കണ്ട് മുന്നേറാനും സുരേഷ് റെയ്ന എക്സിൽ കുറിച്ചു. വൈഭവ് റെക്കോർഡുകൾ തകരാൻ കാത്തിരിക്കുകയല്ല, മറിച്ച് ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിക്കുകയാണെന്നും വളർന്നുവരുന്ന സൂപ്പർതാരമാണ് അവനെന്നും മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യ എ ടീമിനായി വെറും 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 28 പന്തിൽ സെഞ്ചുറി തികച്ച താരം, 2023-ൽ ഓസ്ട്രേലിയയുടെ ജെയ്ക് ഫ്രേസർ-മെക്ഗർക്ക് സ്ഥാപിച്ച 29 പന്തിന്റെ ലിസ്റ്റ് എ വേഗതയേറിയ സെഞ്ചുറി റെക്കോർഡ് മറികടന്നു. പിന്നാലെ 40 പന്തിൽ 150 റൺസിലെത്തിയ വൈഭവ്, കഴിഞ്ഞ വർഷം ബിഹാറിനായി താൻ തന്നെ കുറിച്ച 59 പന്തിന്റെ റെക്കോർഡും തിരുത്തി.
ഫോർഡ് ട്രോഫിയിൽ ന്യൂസിലൻഡ് ബാറ്റർ ചാഡ് ബോവ്സ് സ്ഥാപിച്ച 103 പന്തിന്റെ റെക്കോർഡ് പഴങ്കഥയാക്കി വെറും 52 പന്തിലാണ് വൈഭവ് ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. ഏഴ് ഫോറുകളും 28 കൂറ്റൻ സിക്സറുകളും അടങ്ങിയ ഈ ഇന്നിങ്സിലൂടെ, 2018-ൽ ഡി ആർസി ഷോട്ട് നേടിയ 23 സിക്സറുകളുടെ ലിസ്റ്റ് എ റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി.
