ബഹിരാകാശ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ല്; ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയെത്തി വോയേജർ 1
അരനൂറ്റാണ്ടോളം നീണ്ട പ്രപഞ്ചയാത്രയിൽ ചരിത്രനേട്ടം സ്വന്തമാക്കി നാസയുടെ വോയേജർ 1 ബഹിരാകാശ പേടകം. ഭൂമിയിൽ നിന്ന് 'ഒരു പ്രകാശദിനം' (One Light-Day) അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവെന്ന റെക്കോർഡാണ് വോയേജർ 1 കുറിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.46-നാണ് പേടകം ഈ അപൂർവ്വ ദൂരം പിന്നിട്ടത്. നിലവിൽ ഭൂമിയിൽ നിന്ന് ഏകദേശം 2,590 കോടി കിലോമീറ്റർ അകലെയാണ് വോയേജർ 1 സഞ്ചരിക്കുന്നത്.
എന്താണ് ഒരു പ്രകാശദിനം?
സെക്കൻഡിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശം, 24 മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരമാണ് ഒരു പ്രകാശദിനം (ഏകദേശം 25.9 ബില്യൺ കിലോമീറ്റർ). വോയേജർ 1 ഇത്രയും ദൂരത്തിലെത്തിയതോടെ പേടകവുമായുള്ള ആശയവിനിമയത്തിനും വലിയ സമയമെടുക്കും. ഭൂമിയിൽ നിന്നയക്കുന്ന റേഡിയോ സിഗ്നലുകൾ പേടകത്തിലെത്താൻ 24 മണിക്കൂറും, അവിടെ നിന്നുള്ള മറുപടി തിരികെയെത്താൻ മറ്റൊരു 24 മണിക്കൂറും വേണ്ടിവരും. അതായത്, ഒരു സന്ദേശം കൈമാറാൻ ഏകദേശം രണ്ട് ദിവസത്തെ കാത്തിരിപ്പ് അനിവാര്യമാണ്.
1977-ൽ തുടങ്ങിയ മഹായാത്ര
സൗരയൂഥത്തിലെ വ്യാഴത്തിനപ്പുറമുള്ള ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായി 1977 സെപ്റ്റംബർ അഞ്ചിനാണ് നാസ വോയേജർ 1 വിക്ഷേപിച്ചത്. ഇരട്ടപേടകമായ വോയേജർ 2 വിക്ഷേപിച്ച് 16 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. 1979-ൽ വ്യാഴത്തെയും 1980-ൽ ശനിയെയും അടുത്തുകൂടി നിരീക്ഷിച്ച പേടകം, ഇവയുടെ ഉപഗ്രഹങ്ങൾ, വളയങ്ങൾ, അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ നിരീക്ഷിച്ച ശേഷം സൗരയൂഥത്തിന് പുറത്തേക്കുള്ള യാത്ര പേടകം ആരംഭിച്ചു.
2012 ഓഗസ്റ്റിൽ സൂര്യന്റെ സംരക്ഷണ കവചമായ ഹീലിയോസ്ഫിയർ കടന്ന് നക്ഷത്രാന്തരീയ ബഹിരാകാശത്ത് (Interstellar Space) പ്രവേശിക്കുന്ന ആദ്യ പേടകമായി വോയേജർ 1 മാറിയിരുന്നു.
അരനൂറ്റാണ്ട് പഴക്കമുള്ള സാങ്കേതികവിദ്യ ഇന്നും സജീവം
ഇന്നത്തെ സ്മാർട്ട്ഫോണുകളുടെയും ആധുനിക കമ്പ്യൂട്ടറുകളുടെയും കാലത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് 1970-കളിൽ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പേടകം ഇന്നും പ്രവർത്തിക്കുന്നത്. സൂര്യപ്രകാശം തീരെയില്ലാത്ത മേഖലയിലൂടെ സഞ്ചരിക്കുന്നതിനാൽ സൗരോർജ്ജത്തിന് പകരം 'റേഡിയോ ഐസോടോപ്പ് തെർമോഇലക്ട്രിക് ജനറേറ്ററുകളാണ്' (RTG) പേടകത്തിന് ഊർജ്ജം നൽകുന്നത്. പ്ലൂട്ടോണിയം-238 എന്ന റേഡിയോ ആക്ടീവ് പദാർത്ഥത്തിൽ നിന്നുണ്ടാകുന്ന താപത്തെ വൈദ്യുതിയാക്കി മാറ്റുകയാണ് ഈ സംവിധാനം ചെയ്യുന്നത്. കാലക്രമേണ ഊർജ്ജോത്പാദനം കുറഞ്ഞുവരുന്നതിനാൽ, പ്രധാന പ്രവർത്തനങ്ങൾ നിലനിർത്താനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നാസ ഓഫ് ചെയ്തിട്ടുണ്ട്.
ലക്ഷ്യം അജ്ഞാത പ്രപഞ്ചം; ഒപ്പം ഭൂമിയുടെ 'ഗോൾഡൻ റെക്കോർഡും'
മണിക്കൂറിൽ ഏകദേശം 61,000 കിലോമീറ്റർ വേഗത്തിലാണ് വോയേജർ 1-ന്റെ കുതിപ്പ്. നിലവിലെ പാതയിലൂടെ സഞ്ചരിക്കുന്ന പേടകം ഏകദേശം 40,000 വർഷങ്ങൾക്ക് ശേഷം 'ഗ്ലീസ് 445' എന്ന നക്ഷത്രത്തിന് സമീപത്തുകൂടി (1.7 പ്രകാശവർഷം അകലെ) കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഭൂമിയിലെ ജീവന്റെ ശബ്ദങ്ങൾ, സംഗീതം, ചിത്രങ്ങൾ, വിവിധ ഭാഷകളിലുള്ള ആശംസകൾ എന്നിവ രേഖപ്പെടുത്തിയ 'ഗോൾഡൻ റെക്കോർഡും' പേടകത്തിലുണ്ട്. പ്രപഞ്ചത്തിലെ മറ്റേതെങ്കിലും അന്യഗ്രഹ നാഗരികത ഈ പേടകം കണ്ടെത്തുകയാണെങ്കിൽ ഭൂമിയെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. 49 വർഷങ്ങൾക്കിപ്പുറവും പ്രപഞ്ചരഹസ്യങ്ങൾ തേടി വോയേജർ 1 നടത്തുന്ന ഈ യാത്ര മനുഷ്യന്റെ ശാസ്ത്രസാങ്കേതിക മികവിന്റെ ഏറ്റവും വലിയ തെളിവായി മാറുകയാണ്.
