പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാം; പുതിയ പെയ്ഡ് വേര്‍ഷനുമായി എഫ്ബിയും ഇന്‍സ്റ്റയും

  1. Home
  2. Tech

പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാം; പുതിയ പെയ്ഡ് വേര്‍ഷനുമായി എഫ്ബിയും ഇന്‍സ്റ്റയും

fb


ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് യുറോപ്പിൽ തുടക്കമായി. പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താത്പര്യമുള്ളവര്‍ക്ക് പുതിയ പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. 

പരസ്യ രഹിത അക്കൗണ്ടുകള്‍ക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നല്‍കേണ്ടത്. വെബില്‍ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നല്‍കേണ്ട നിരക്ക്. സൗജന്യ സേവനം ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരാകും. ഡാറ്റകള്‍ പരസ്യ വിതരണത്തിനായി ശേഖരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുതിയ പെയ്ഡ് വേര്‍ഷന്‍ ഇന്ത്യയിന്‍ ഉടന്‍ ആരംഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഒടിടി പ്രേക്ഷേപണ സേവനങ്ങളുടെ നിയന്ത്രണത്തിന് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരാനായി പുതിയ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്തിക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.

ഈ ബില്‍ പാസായാല്‍, ഒടിടി ഭീമന്‍മാരെ നിയന്ത്രിക്കുന്നതിന് ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതികള്‍ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കരട് ബില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പുറത്തിറക്കി. 'വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് താക്കൂര്‍ പറഞ്ഞു.

ഒടിടി പ്രക്ഷേപണ മേഖലക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക എന്നത് തന്നെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പകരമായി കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് പുതിയ ബില്ലിലുള്ളതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ വിവരിച്ചു.

പുതിയ നിയമത്തിന്റെ ഒരു സുപ്രധാന വശം 'ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതികള്‍' രൂപീകരിക്കുക എന്നതാണ്. നിലവിലുള്ള ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ കമ്മിറ്റിയെ ഒരു 'ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സിലായി' മാറ്റുന്നതും ഒടിടി നിയന്ത്രണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.