ചാറ്റ് ജി.പി.ടിയിൽ ഇനി പരസ്യങ്ങളും

  1. Home
  2. Tech

ചാറ്റ് ജി.പി.ടിയിൽ ഇനി പരസ്യങ്ങളും

CHAT GPT


ലോകപ്രശസ്ത എ.ഐ പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനിച്ചു. കമ്പനി സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്. എ.ഐ സേവനങ്ങളുടെ വൻതോതിലുള്ള പ്രവർത്തനച്ചെലവ് കണ്ടെത്താനും വരുമാനം വർദ്ധിപ്പിക്കാനുമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ സൗജന്യമായി സേവനം ഉപയോഗിക്കുന്നവർക്കും 'ചാറ്റ് ജി.പി.ടി ഗോ' എന്ന കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ഷൻ പ്ലാനിലുള്ളവർക്കുമായിരിക്കും പരസ്യങ്ങൾ ദൃശ്യമാകുക. എന്നാൽ പ്ലസ്, പ്രോ, എന്റർപ്രൈസ് തുടങ്ങിയ പ്രീമിയം പ്ലാനുകളെ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചാറ്റ് ജി.പി.ടി നൽകുന്ന മറുപടികൾക്ക് താഴെ 'സ്പോൺസേഡ്' എന്ന ലേബലോടെയായിരിക്കും പരസ്യങ്ങൾ വരിക. ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ സംവിധാനമെന്നും, ചാറ്റുകൾ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി. ഇൻസ്റ്റാഗ്രാമിലേതിന് സമാനമായ, ഉപയോക്താക്കൾക്ക് ശല്യമാകാത്ത രീതിയിലുള്ള പരസ്യങ്ങളാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണിക്കില്ല. കൂടാതെ രാഷ്ട്രീയം, ആരോഗ്യം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലുള്ള സംഭാഷണങ്ങളിൽ പരസ്യങ്ങൾ ഒഴിവാക്കുമെന്നും ഓപ്പൺ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.