കുട്ടികൾക്കെതിരെയുള്ള അതിക്രമ പരസ്യങ്ങൾ നീക്കണം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ കടുത്ത മുന്നറിയിപ്പ്
കുട്ടികൾക്കെതിരെയുള്ള ലൈംഗികചൂഷണവും അതിക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (MeitY) മാതൃകമ്പനിയായ മെറ്റയോട് നിർദേശിച്ചു. വിഷയത്തിൽ വിശദീകരണം നൽകാൻ മെറ്റയ്ക്ക് ഏഴ് ദിവസത്തെ സമയമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഐടി നിയമം, പോക്സോ നിയമം എന്നിവ പ്രകാരം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അൽഗൊരിതം ഉപയോഗിച്ച് ഇത്തരം ക്രൂരമായ ഉള്ളടക്കങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന രീതി ഉടൻ തിരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോകൾ മെറ്റയുടെ അൽഗോരിതം വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന ബിബിസി റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ കടുത്ത ഇടപെടൽ. ഇൻസ്റ്റാഗ്രാമിൽ പണമടച്ച് നൽകുന്ന ഇത്തരം പരസ്യങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പണമടച്ചുള്ള പരസ്യങ്ങളിലൂടെ വരുമാനം നേടുന്നതിനാൽ ഇത് മൂന്നാം കക്ഷി ഉള്ളടക്കമാണെന്ന് പറഞ്ഞ് മെറ്റയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്ലാറ്റ്‌ഫോമിനാണെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കുട്ടികൾക്കെതിരായ അതിക്രമങ്ങളോട് സീറോ ടോളറൻസ് നയമാണുള്ളതെന്നും 350 കോടി ഉപയോക്താക്കൾക്കിടയിലെ കുറ്റവാളികളെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ പ്രതികരണം.
