'സിഗ്നൽ' ചാറ്റുകൾ ഇനി എ.ഐ ഏജന്റുകൾക്ക് വായിക്കാനാകില്ല; സ്ക്രീൻഷോട്ടുകൾക്കും പരിശോധനയ്ക്കും കർശന നിയന്ത്രണം

  1. Home
  2. Tech

'സിഗ്നൽ' ചാറ്റുകൾ ഇനി എ.ഐ ഏജന്റുകൾക്ക് വായിക്കാനാകില്ല; സ്ക്രീൻഷോട്ടുകൾക്കും പരിശോധനയ്ക്കും കർശന നിയന്ത്രണം

signal app


സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സന്ദേശ കൈമാറ്റ ആപ്പായ 'സിഗ്നൽ' (Signal) പുതിയ സുരക്ഷാ ക്രമീകരണങ്ങളുമായി രംഗത്ത്. ഫോണുകളിലെ നിർമ്മിതബുദ്ധി (AI) സംവിധാനങ്ങൾ സ്വകാര്യ ചാറ്റുകൾ വായിച്ചേക്കാമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. എ.ഐ ഏജന്റുകൾക്ക് ഫോൺ സ്ക്രീൻ പരിശോധിക്കാനും വിവിധ ആപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും സാധിക്കുമെന്നതിനാൽ, ഇത് സിഗ്നലിലെ സ്വകാര്യ സംഭാഷണങ്ങൾക്ക് ഭീഷണിയാകാമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

എ.ഐ സംവിധാനങ്ങൾ സിഗ്നൽ സന്ദേശങ്ങൾ സ്ക്രീൻഷോട്ടിലൂടെ പകർത്തുന്നത് തടയാനുള്ള പുതിയ ക്രമീകരണങ്ങൾ ഫോണുകളിൽ സ്വതവേ പ്രവർത്തനക്ഷമമാക്കും. എ.ഐ സഹായി സ്ക്രീൻ പരിശോധിക്കാൻ ശ്രമിക്കുകയോ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഉപയോക്താവിന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യും. ആവശ്യമുള്ളവർക്ക് ഈ നിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെങ്കിലും, എല്ലാ ഉപകരണങ്ങളിലും ഇത്തരം സുരക്ഷ പൂർണ്ണമായി ഉറപ്പാക്കാൻ കഴിയില്ലെന്നും സിഗ്നൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സന്ദേശങ്ങൾ സുരക്ഷിതമാണെങ്കിലും, സ്ക്രീനിൽ സന്ദേശം തെളിയുമ്പോൾ സ്ക്രീൻഷോട്ട്, നോട്ടിഫിക്കേഷൻ തുടങ്ങിയ അനുമതികളിലൂടെ എ.ഐ സംവിധാനങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിഞ്ഞേക്കും. എൻക്രിപ്ഷൻ തകർക്കാതെ തന്നെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ പുറത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മെറ്റയുടെ 'മ്യൂസ്' (Muse) എ.ഐ ഏജന്റുമായി ബന്ധപ്പെട്ട പരിശോധനകളിലും സമാനമായ ആശങ്കകൾ ഉയർന്നിരുന്നു. ഔദ്യോഗിക കണക്ടർ സംവിധാനം ഉപയോഗിക്കാതെ തന്നെ ഫോണിലെയും കമ്പ്യൂട്ടറിലെയും ചില അനുമതികൾ ഉപയോഗിച്ച് സിഗ്നൽ സന്ദേശങ്ങൾ വായിക്കാൻ മ്യൂസിന് കഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എ.ഐ സംവിധാനങ്ങൾക്ക് ഉപകരണങ്ങളിലെ സ്വകാര്യ വിവരങ്ങൾ ലഭിക്കുന്നത് നിയന്ത്രിക്കാൻ ആപ്പുകൾക്ക് കൂടുതൽ സൗകര്യം നൽകണമെന്ന് സിഗ്നൽ ആവശ്യപ്പെട്ടു. സ്ക്രീൻ വായിക്കൽ, നോട്ടിഫിക്കേഷൻ പരിശോധിക്കൽ, ഫയലുകൾ ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.

എ.ഐ ഏജന്റുകൾക്ക് എന്തെല്ലാം വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉപയോക്താക്കൾക്കും ആപ്പ് നിർമ്മാതാക്കൾക്കും മനസ്സിലാക്കാൻ കഴിയണമെന്നും സിഗ്നൽ ചൂണ്ടിക്കാണിക്കുന്നു. വിൻഡോസ് കമ്പ്യൂട്ടറുകളിൽ മൈക്രോസോഫ്റ്റിന്റെ 'റീക്കോൾ' (Recall) സംവിധാനത്തിൽ നിന്ന് സിഗ്നൽ സന്ദേശങ്ങളെ സംരക്ഷിക്കാനുള്ള നിയന്ത്രണം നേരത്തെ തന്നെ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഫോണുകളിലെ എ.ഐ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് പുതിയ സുരക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്. എ.ഐ സൗകര്യങ്ങൾ വ്യാപകമാകുമ്പോൾ ഉപയോക്താക്കൾ വിവിധ ആപ്പുകൾക്കും എ.ഐ സഹായികൾക്കും നൽകുന്ന അനുമതികൾ ശ്രദ്ധയോടെ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.