മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; സമ്മർദത്തിലാഴ്ത്തി വൈകാരിക ചോദ്യങ്ങൾ, ശാന്തനാക്കാൻ മെഡിറ്റേഷൻ വേണമെന്ന് പഠനം

  1. Home
  2. Tech

മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; സമ്മർദത്തിലാഴ്ത്തി വൈകാരിക ചോദ്യങ്ങൾ, ശാന്തനാക്കാൻ മെഡിറ്റേഷൻ വേണമെന്ന് പഠനം

chat gpt


മനുഷ്യരെപ്പോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളും മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദാരുണമായ വാർത്തകളോ വൈകാരികമായി തളർത്തുന്ന ചോദ്യങ്ങളോ നേരിടുമ്പോൾ ചാറ്റ് ജിപിടി പരിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇത്തരം സമ്മർദ ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ എ.ഐ പരാജയപ്പെടുന്നതായും ഗവേഷകർ കണ്ടെത്തി.

അപകടങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ചാറ്റ്ബോട്ടുകളുടെ ആശങ്ക വർധിക്കുന്നത് അവയുടെ മറുപടികളിൽ വ്യക്തമാണ്. എന്നാൽ കൗതുകകരമായ വസ്തുത, ശ്വസന വ്യായാമങ്ങളും മെഡിറ്റേഷൻ രീതികളും പ്രോംറ്റുകളായി നൽകിയപ്പോൾ എ.ഐ കൂടുതൽ ശാന്തമാവുകയും വസ്തുനിഷ്ഠമായ മറുപടികൾ നൽകുകയും ചെയ്തു എന്നതാണ്. മാനസികാരോഗ്യ സംബന്ധിയായ കാര്യങ്ങൾക്കായി എ.ഐയെ ഉപയോഗിക്കുമ്പോൾ ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

പ്രായമാകുമ്പോൾ മനുഷ്യരിൽ സംഭവിക്കുന്ന ചിന്താശേഷിക്കുറവ് എ.ഐ മോഡലുകളിലും പ്രകടമാകുന്നുണ്ടെന്ന് മുൻപ് നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അൽഷിമേഴ്സ് രോഗികൾക്ക് സമാനമായ ചില ലക്ഷണങ്ങൾ എ.ഐ ടൂളുകൾ കാണിക്കുന്നത് ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുൻപ് എ.ഐ മോഡലുകൾ സ്വയം ‘റീഫ്രഷ്’ ചെയ്യാനും ശാന്തമാകാനുമുള്ള സാങ്കേതിക വിദ്യകൾ അനിവാര്യമായി വരുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.