ഓഫീസ് ജോലികൾ ഇനി എഐ ഏറ്റെടുക്കും; അഡ്വാൻസ്ഡ് 'ഗ്രോക്ക് ബോട്ട്' അവതരിപ്പിച്ച് xAI
ഒരു ഓഫീസിൽ മാനേജരുടെ കീഴിൽ അഞ്ചോ ആറോ പേർ ടീമായി ചെയ്യുന്ന സങ്കീർണ്ണമായ ജോലികൾ ഇനി എഐ സ്വയം പൂർത്തിയാക്കും. ഇലോൺ മസ്കിന്റെ എഐ സംരംഭമായ xAI (എക്സ് എഐ) 'ഗ്രോക്ക് ബോട്ട്' (Grok Bot) എന്ന പേരിലുള്ള പുതിയ മൾട്ടി-ഏജന്റ് എഐ സംവിധാനം പുറത്തിറക്കി. സാധാരണ ചാറ്റ് ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരെപ്പോലെ കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്ത് യഥാർത്ഥ ഓഫീസ് ജോലികൾ നിർവഹിക്കാൻ ഇതിന് സാധിക്കും.
ഓരോ ബോട്ടിനും സ്വന്തമായി ക്ലൗഡ് കമ്പ്യൂട്ടർ സൗകര്യമുണ്ട്. ഇതിലൂടെ ബ്രൗസറുകൾ, ടെർമിനലുകൾ, ഫയലുകൾ എന്നിവയിൽ പ്രവേശിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും. ഒന്നിലധികം ബോട്ടുകളെ ഒരേസമയം ഏകോപിപ്പിച്ച് ഒരു സഹപ്രവർത്തകനെപ്പോലെ സങ്കീർണ്ണമായ ജോലികളെ ചെറിയ ഭാഗങ്ങളായി തിരിച്ച് വേഗത്തിൽ തീർക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഉപയോക്താവ് ഒരു ജോലി എങ്ങനെ ചെയ്യണമെന്ന് ഒരിക്കൽ കാണിച്ചുകൊടുത്താൽ അത് ഓർത്തു വെച്ച് പിന്നീട് സ്വയം ചെയ്യാനും ഇതിനാകും. ക്ലൗഡിൽ പ്രവർത്തിക്കുന്നതിനാൽ ഉപയോക്താവിന്റെ ലാപ്ടോപ്പ് ഓഫായാലും ജോലികൾ തടസ്സപ്പെടില്ല.
സെയിൽസ്, മാർക്കറ്റിങ്, സങ്കീർണ്ണമായ ബഗ് ഫിക്സിങ് തുടങ്ങിയ ജോലികൾക്കായി xAI ഈ സംവിധാനം നിലവിൽ ആഭ്യന്തരമായി ഉപയോഗിക്കുന്നുണ്ട്. നിലവിൽ ബീറ്റാ പതിപ്പിൽ ഡെസ്ക്ടോപ്പ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം സൂപ്പർ ഗ്രോക്ക് ഹെവി, കർസർ അൾട്രാ വരിക്കാർക്കാണ് ലഭിക്കുക. ആൻഡ്രോയിഡ് പതിപ്പ് ഉടൻ പുറത്തിറങ്ങും. പുതിയ മുന്നേറ്റത്തിലൂടെ ഓപ്പൺ എഐ, ആന്ത്രോപിക് എന്നീ പ്രമുഖ എഐ കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താനാണ് മസ്കിന്റെ നീക്കം.
