ഇന്റർനെറ്റില്ലാതെയും എ.ഐ പ്രവർത്തിക്കും; പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്
പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും സുരക്ഷിതമാക്കാനും പുതിയ ഹൈബ്രിഡ് ഇന്റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന പ്രത്യേക ചടങ്ങിൽ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങും ചേർന്നാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പ്രാദേശികമായി കമ്പ്യൂട്ടറുകളിൽ എ.ഐ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
സാധാരണ എ.ഐ പ്രവർത്തനങ്ങൾക്കായി ഡാറ്റ ക്ലൗഡ് സെർവറുകളിലേക്ക് അയക്കുന്നതിന് പകരം കമ്പ്യൂട്ടറിലെ പ്രോസസ്സിങ് ശേഷി ഉപയോഗിച്ച് കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കമ്പ്യൂട്ടറിലെ ഫയലുകൾ തിരയുന്നതിനും സംഗ്രഹങ്ങൾ തയാറാക്കുന്നതിനും ഇന്റർനെറ്റ് ആവശ്യമില്ലാത്തതിനാൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാകും.
വലിയ സോഫ്റ്റ്‌വെയർ കോഡിങ് പോലുള്ള സങ്കീർണ്ണമായ ജോലികൾക്ക് മാത്രം സിസ്റ്റം ക്ലൗഡ് സെർവറിന്റെ സഹായം തേടും. ഉപയോക്താക്കളുടെ അനുമതിയില്ലാതെ പ്രധാന ഫയലുകളിൽ ഇടപെടുന്നത് തടയാൻ പ്രത്യേക ഡിജിറ്റൽ സുരക്ഷാ കവചവും മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്.
