അബൂദബിയിൽ എ.ഐ അടിസ്ഥാനമാക്കിയുള്ള 'റസിദ്' പ്ലാറ്റ്‌ഫോം വിജയകരം; മലിനജലം പരിശോധിച്ച് രോഗസാധ്യത മുൻകൂട്ടിയറിയാം

  1. Home
  2. Tech

അബൂദബിയിൽ എ.ഐ അടിസ്ഥാനമാക്കിയുള്ള 'റസിദ്' പ്ലാറ്റ്‌ഫോം വിജയകരം; മലിനജലം പരിശോധിച്ച് രോഗസാധ്യത മുൻകൂട്ടിയറിയാം

rasid


പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രോഗസാധ്യതകളും മറ്റ് പ്രശ്നങ്ങളും മുൻകൂട്ടി തിരിച്ചറിയുന്നതിനായി അബൂദബിയിൽ നിർമിത ബുദ്ധി (AI) അധിഷ്ഠിത മലിനജല പരിശോധന സംവിധാനമായ 'റസിദ്' (Rasid) വിജയകരമായി പ്രവർത്തിക്കുന്നു. അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന അബൂദബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനത്തിലാണ് (ADIHEX 2026) ആഗോള ഹെൽത്ത് കെയർ കമ്പനിയായ 'എം42' ഈ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.

അബൂദബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ നഗരത്തിലെ 100 കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജല സാമ്പിളുകളാണ് വിശകലനം ചെയ്യുന്നത്. യു.എ.ഇയിലുടനീളമായി 75,000-ലധികം മലിനജല സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചുകഴിഞ്ഞതായും 400-ലധികം രാസ-ജൈവ സൂചകങ്ങൾ ഇതിലൂടെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഒരു പ്രദേശത്തെ ജനസംഖ്യയെ മുഴുവൻ അടിസ്ഥാനമാക്കി തുടർച്ചയായി മലിനജലം നിരീക്ഷിക്കുന്ന ഈ സംവിധാനം രോഗസാധ്യതകൾ പ്രവചിക്കാനും ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. ഇത് വഴി കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്ക് സാധിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ റസിദ് പ്ലാറ്റ്‌ഫോം വൻ വിജയമാണെന്ന് സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള ഹസൻ അൽ മുഐനി വ്യക്തമാക്കി.