ഗൂഗിളിനെ ഇളക്കിമറിക്കാൻ '6-7' സെർച്ച് ചെയ്താൽ മതി; വൈറലായി പുതിയ ഫീച്ചർ
ഗൂഗിൾ സെർച്ച് ബാറിൽ ഇപ്പോൾ തിരയുന്നവരെ അത്ഭുതപ്പെടുത്തി പുതിയൊരു മാറ്റം ശ്രദ്ധേയമാകുന്നു. '6-7' അല്ലെങ്കിൽ '67' എന്ന് സെർച്ച് ബാറിൽ ടൈപ്പ് ചെയ്താൽ കമ്പ്യൂട്ടറിലോ ഫോണിലോ ഉള്ള ഗൂഗിൾ വിൻഡോ സെക്കൻഡുകളോളം വിറയ്ക്കുന്ന (Shake) കാഴ്ചയാണ് കാണാൻ കഴിയുക. സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു ട്രെൻഡിനെ ഗൂഗിൾ ഔദ്യോഗികമായി ഏറ്റെടുത്തതാണ് ഇതിന് പിന്നിൽ.
ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും എക്സിലുമെല്ലാം (X) വൈറലായ '6-7' മീം പ്രധാനമായും ഉപയോഗിക്കുന്നത് ജെൻ ആൽഫ (Gen Alpha) തലമുറയിലെ കുട്ടികളാണ്. ഫിലാഡൽഫിയൻ റാപ്പർ സ്‌ക്രില്ലയുടെ 2024-ൽ പുറത്തിറങ്ങിയ 'ഡോട്ട് ഡോട്ട്' എന്ന ആൽബത്തിലൂടെയാണ് ഈ ട്രെൻഡ് പ്രചരിച്ചത്. ഈ സംഖ്യയ്ക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെങ്കിലും ഒരു കോഡ് ഭാഷയായും മീമായും ഇന്റർനെറ്റ് കൾച്ചറിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മുൻപും 'Do a barrel roll' പോലുള്ള രസകരമായ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ട്രെൻഡിനൊപ്പം ഗൂഗിൾ മാറിയത് ഉപഭോക്താക്കൾക്കിടയിൽ വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്. സെർച്ച് റിസൾട്ട് വരുന്നതിന് മുൻപ് സ്ക്രീൻ വിറയ്ക്കുന്ന വീഡിയോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
