ഇനി മലിനീകരണമില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സേവനങ്ങള്‍; 6000 ഇലക്ട്രിക് വാഹനങ്ങളുമായി ആമസോണ്‍

  1. Home
  2. Tech

ഇനി മലിനീകരണമില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സേവനങ്ങള്‍; 6000 ഇലക്ട്രിക് വാഹനങ്ങളുമായി ആമസോണ്‍

ev


മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍.

ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും.

ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി വഴി ഡെലിവറി പാര്‍ട്ട്ണര്‍മാര്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതാണ് ആമസോണിന്റെ ഗ്ലോബല്‍ ലാസ്റ്റ് മൈല്‍ ഫ്‌ളീറ്റ് പദ്ധതിയ വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതിയാണ് ആമസോണ്‍ ഇപ്പോള്‍ ഇന്ത്യയിലും നടപ്പാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളാണ് ആമസോണ്‍ നല്‍കുന്നത്. ഇന്ത്യയില്‍ മഹീന്ദ്രയുടെ സോണ്‍ ഗ്രാന്റ് ഇലക്ട്രിക് ത്രീവീലറുകളാണ് ഫ്‌ളീറ്റ് പദ്ധതിയില്‍ ആമസോണ്‍ എത്തിച്ചിരിക്കുന്നത്.

ആമസോണിന്റെ ഡെലിവറി സേവനങ്ങള്‍ക്കായി ഇതിനോടകം രാജ്യത്തൂടനീളം 400 നഗരങ്ങളിലായി 6000-ത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങളാണ് ഓടുന്നത്. ഇതിനായി മഹീന്ദ്ര ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ പിന്തുണയും ആമസോണിനുണ്ട്. 2025 ആകുന്നതോടെ ഇന്ത്യയില്‍ ഡെലവറി സേവനങ്ങള്‍ക്കായി 10000 ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിലൂടെ നീതി ആയോഗിന്റെ സീറോ പൊലൂഷന്‍ മൊബിലിറ്റി ക്യാംപയിനുള്ള പിന്തുണയാണ് ആമസോണ്‍ അറിയിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കാര്‍ബണ്‍ രഹിത ഗതാഗത സംവിധാനമെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ പ്രതിജ്ഞബദ്ധമാണ്. നിലവില്‍ ഇലക്ട്രിക് ത്രീ വീലറുകളാണ് അധികമായി എത്തിച്ചുള്ളതെങ്കിലും ഭാവിയില്‍ കൂടുതല്‍ ഫോര്‍ വീലറുകള്‍ ഉള്‍പ്പെടെ എത്തിക്കും.