ആന്ത്രോപിക്കിന്റെ കരുത്തൻ എ.ഐ മോഡൽ 'മൈത്തോസ്' ഇന്ത്യയിലേക്കും; അമേരിക്കയുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

  1. Home
  2. Tech

ആന്ത്രോപിക്കിന്റെ കരുത്തൻ എ.ഐ മോഡൽ 'മൈത്തോസ്' ഇന്ത്യയിലേക്കും; അമേരിക്കയുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

claude


ലോകത്തിലെ ഏറ്റവും വിനാശകാരിയെന്നും കരുത്തുറ്റതെന്നും വിശേഷിപ്പിക്കപ്പെടുന്ന ആന്ത്രോപിക്കിന്റെ അത്യാധുനിക എ.ഐ മോഡൽ 'മൈത്തോസ്' ഇന്ത്യൻ വിപണിയിലേക്കും എത്തിയേക്കും. സോഫ്റ്റ്‌വെയറുകളിലെയും ഡിജിറ്റൽ സംവിധാനങ്ങളിലെയും സുരക്ഷാ പിഴവുകൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ ശേഷിയുള്ള ഈ മോഡൽ ഇന്ത്യൻ കമ്പനികൾക്കും ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ അമേരിക്കൻ ഭരണകൂടവുമായും ആന്ത്രോപിക്കുമായും ചർച്ചകൾ ആരംഭിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ അമേരിക്കയിലെ 'പ്രോജക്റ്റ് ഗ്ലാസ്‌വിങ്' എന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 40 കമ്പനികൾക്ക് മാത്രമാണ് മൈത്തോസ് ഉപയോഗിക്കാൻ അനുവാദമുള്ളത്. ഇതേ മുൻഗണന ഇന്ത്യൻ കമ്പനികൾക്കും ലഭ്യമാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എങ്കിൽ മാത്രമേ ആഗോള തലത്തിലുള്ള ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെ ഒരേപോലെ നേരിടാൻ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് സാധിക്കൂ എന്ന് സർക്കാർ വിലയിരുത്തുന്നു. മുൻപത്തെ എ.ഐ മോഡലുകൾ നൂറുകണക്കിന് സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരുന്ന സ്ഥാനത്ത്, പതിനായിരക്കണക്കിന് പിഴവുകൾ തിരിച്ചറിയാൻ മൈത്തോസിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, മൈത്തോസ് ഉയർത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലെ 'സീറോ-ഡേ' പോലെയുള്ള അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും ഈ എ.ഐക്ക് സാധിക്കുമെന്നത് ബാങ്കിങ്, സാമ്പത്തിക മേഖലകൾക്ക് വലിയ ഭീഷണിയാണ്. ഈ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാസ്കോം (NASSCOM) ഉൾപ്പെടെയുള്ള സംഘടനകളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.