ഇന്ത്യയിൽ മാക്ബുക്കിനും ഐപാഡിനും വില കൂട്ടി ആപ്പിൾ; വർദ്ധനവ് 50,000 രൂപ വരെ
ആഗോളതലത്തിൽ മെമ്മറി ചിപ്പുകൾക്കുണ്ടായ വിലവർദ്ധനവിനെത്തുടർന്ന് മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില കുത്തനെ കൂട്ടി ആപ്പിൾ. ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ പ്രാരംഭ വിലയേക്കാൾ 20 ശതമാനം മുതൽ 42 ശതമാനം വരെയാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. എ.ഐ ഡാറ്റാ സെന്ററുകളുടെ വ്യാപനം മൂലം സെമികണ്ടക്ടർ ചിപ്പുകൾക്ക് വിപണിയിലുണ്ടായ വൻ ഡിമാൻഡാണ് നിർമ്മാണച്ചെലവ് ഉയരാൻ കാരണമായതെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കുന്നു.
ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റിലെ പുതിയ വിവരങ്ങൾ പ്രകാരം എം5 (M5) ചിപ്പോടെയെത്തിയ മാക്ബുക്ക് പ്രോ മോഡലുകൾക്ക് ഏകദേശം 20 ശതമാനത്തോളം വില വർദ്ധിച്ചിട്ടുണ്ട്. എം5 പ്രോ ചിപ്പുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 2,49,900 രൂപയിൽ നിന്ന് 2,99,900 രൂപയായി ഉയർന്നു (50,000 രൂപയുടെ വർദ്ധനവ്). അതേസമയം ശതമാനക്കണക്കിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് ഐപാഡ് എയറിലാണ്. 13 ഇഞ്ച് ഐപാഡ് എയറിന്റെ അടിസ്ഥാന മോഡലിന് 41.22 ശതമാനം വില വർദ്ധിച്ച് 84,900 രൂപയിൽ നിന്ന് 1,19,900 രൂപയായി മാറി.
മാക്ബുക്ക് നിയോ, മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ഐപാഡ് എയർ, ഐപാഡ് പ്രോ എന്നിവയുടെയെല്ലാം വില പുതിയ പരിഷ്കരണത്തോടെ ഉയർന്നിട്ടുണ്ട്. ഘടകഭാഗങ്ങളുടെ വിലക്കയറ്റം മൂലം നിർമ്മാണച്ചെലവിലുണ്ടായ ഈ അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതരാകുകയായിരുന്നു എന്ന് ആപ്പിൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
