ആർട്ടെമിസ് II ദൗത്യം അയോണോസ്ഫിയറിൽ മാറ്റംവരുത്തി; GPS സിഗ്നലുകളെ ബാധിച്ചേക്കുമെന്ന് പഠനം
നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ വിക്ഷേപണം ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരിഭാഗമായ അയോണോസ്ഫിയറിൽ താൽക്കാലിക 'ദ്വാരം' സൃഷ്ടിച്ചതായി കണ്ടെത്തൽ. റോക്കറ്റ് എക്സ്ഹോസ്റ്റ് കാരണം അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം 5,000 കിലോമീറ്റർ നീളത്തിൽ ഈ വ്യതിയാനങ്ങൾ പരന്നുകിടന്നതായി 'ജിയോഫിസിക്കൽ റിസർച്ച്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തായ്വാനിലെ നാഷണൽ ചെങ് കുങ് സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നു.
ഒരു ബഹിരാകാശ ദൗത്യം ഒരേ പ്രദേശത്ത് മൂന്ന് തവണ അയോണോസ്ഫെറിക് പ്രക്ഷോഭങ്ങൾ ഉണ്ടാക്കുന്നത് ഇതാദ്യമായാണ്. ജി.പി.എസ് സിഗ്നലുകൾ സഞ്ചരിക്കുന്ന ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ സിഗ്നലുകളുടെ വേഗതയെയും ലൊക്കേഷൻ കൃത്യതയെയും ബാധിച്ചേക്കാം. ഇത് സെൽഫ് ഡ്രൈവിങ് കാറുകളുടെയും ഡ്രോൺ ലൊക്കേഷൻ സംവിധാനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഇതുവരെ വലിയ തോതിലുള്ള ജി.പി.എസ് തടസ്സങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുമായി കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആർട്ടെമിസ് II, അഞ്ച് പതിറ്റാണ്ടിനു ശേഷമുള്ള ആദ്യത്തെ മനുഷ്യസഹിത ചാന്ദ്ര ദൗത്യമാണ്. 1970-ലെ അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടവും ഈ ദൗത്യം കൈവരിച്ചിരുന്നു. 2028-ലെ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന ദൗത്യത്തിന് മുന്നോടിയായാണ് നാസ ഇത് നടപ്പിലാക്കിയത്.
