നിർമിത ബുദ്ധി പത്രപ്രവർത്തനത്തെ ഇല്ലാതാക്കുന്നു; ഓപ്പൺ എ.ഐക്കും മൈക്രോസോഫ്റ്റിനുമെതിരെ പ്രമുഖ മാധ്യമങ്ങൾ കോടതിയിലേക്ക്
അനുമതി കൂടാതെ വാർത്തകൾ നിർമിതബുദ്ധി (എ.ഐ) മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചെന്നാരോപിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങളായ 'സിയാറ്റിൽ ടൈംസും' 'ന്യൂസ്ഡേയും' ഓപ്പൺ എ.ഐക്കും മൈക്രോസോഫ്റ്റിനുമെതിരെ നിയമനടപടി സ്വീകരിച്ചു. ജനറേറ്റീവ് എ.ഐയുടെ വ്യാപനം മാധ്യമരംഗത്തെ പൂർണ്ണമായി തകർക്കുമെന്നും, തങ്ങൾക്ക് ആവശ്യമായ ഉള്ളടക്കം നിർമിച്ചുനൽകുന്ന പത്രമാധ്യമങ്ങളെത്തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യയുടെ പ്രവർത്തനമെന്നും യു.എസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സ്ഥാപനങ്ങൾ ആരോപിക്കുന്നു.
ചാറ്റ്ജിപിടി, കോപൈലറ്റ് തുടങ്ങിയ എ.ഐ ഉൽപ്പന്നങ്ങൾ മനുഷ്യർ തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഉപയോഗിച്ച് വാണിജ്യലക്ഷ്യങ്ങൾക്കായി അവയുടെ പകർപ്പുകളും അനുകരണങ്ങളും നിർമിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2023-ൽ 'ദി ന്യൂയോർക്ക് ടൈംസ്' സമാനമായ കേസ് നൽകിയതിന് പിന്നാലെ നിരവധി മാധ്യമങ്ങൾ നിയമനടപടിയുമായി എത്തിയിരുന്നു. എന്നാൽ, മൈക്രോസോഫ്റ്റിൽ നിന്നും ഓപ്പൺ എ.ഐയിൽ നിന്നും നേരത്തെ ഫെലോഷിപ്പുകൾക്കും പ്രൊജക്ടുകൾക്കുമായി ധനസഹായം കൈപ്പറ്റിയ സ്ഥാപനമാണ് സിയാറ്റിൽ ടൈംസ് എന്നത് കേസിനെ ശ്രദ്ധേയമാക്കുന്നു.
അതേസമയം, പുതിയ നിയമനടപടിയിൽ അത്ഭുതമുണ്ടെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു.
