കെട്ടിടങ്ങൾക്ക് മുകളിൽ 'കൃത്രിമ മഴ': കടുത്ത ചൂടിനെ പ്രതിരോധിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി ചൈന
തീവ്രമായ ഉഷ്ണതരംഗം നേരിടുന്ന ചൈനയിൽ, ചൂട് കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ ഒരു പുതിയ സാങ്കേതികവിദ്യ വലിയ ശ്രദ്ധ നേടുകയാണ്. വടക്കൻ ചൈനയിലെ ഷാൻഷി പ്രവിശ്യയിലുള്ള യുൻചെങ് നഗരത്തിലാണ് ബഹുനില ഫ്ലാറ്റുകളുടെ മേൽക്കൂരകളിൽ 'വാട്ടർ മിസ്റ്റിങ്' സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉയർന്ന മർദ്ദത്തിൽ അന്തരീക്ഷത്തിലേക്ക് അതിസൂക്ഷ്മമായ ജലകണങ്ങൾ സ്പ്രേ ചെയ്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ ചെറുതുള്ളികൾ നിലത്ത് വീഴുന്നതിന് മുൻപ് തന്നെ വായുവിൽ ആഗിരണം ചെയ്യപ്പെടുകയും, ചുറ്റുമുള്ള ചൂട് വലിച്ചെടുത്ത് അന്തരീക്ഷം തണുപ്പിക്കുകയും ചെയ്യുന്നു. പുറത്തെ താപനില 38 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമ്പോൾ, ഈ സംവിധാനത്തിലൂടെ മിനിറ്റുകൾക്കകം നഗരത്തിലെ ചൂട് 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളം വായുവിൽ വെച്ച് തന്നെ ആവിയാകുന്നതിനാൽ വഴിയാത്രക്കാർ നനയില്ല എന്ന പ്രത്യേകതയുമുണ്ട്.
സാധാരണ എയർ കണ്ടീഷണറുകളെ അപേക്ഷിച്ച് ഇതിന് വളരെ കുറഞ്ഞ വൈദ്യുതിയും നിയന്ത്രിത അളവിൽ വെള്ളവും മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ ഇതൊരു പരിസ്ഥിതി സൗഹൃദ മാർഗമാണ്. കെട്ടിടങ്ങളിൽ നിന്ന് ജലകണങ്ങൾ താഴേക്ക് പടരുന്നതിലൂടെ നഗരത്തിലെ തെരുവുകളും നടപ്പാതകളും തണുക്കുന്ന വിഡിയോകളാണ് പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നഗരങ്ങൾ ഇത്തരം പുതിയ മാതൃകകൾ സ്വീകരിക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടു.
ആഗോളതാപനം കാരണം ചൈനയിൽ വേനൽക്കാലം കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണ്. കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും പകൽ സമയത്തെ ചൂട് ആഗിരണം ചെയ്ത് രാത്രിയിൽ പുറത്തുവിടുന്ന 'അർബൻ ഹീറ്റ് ഐലൻഡ്' പ്രതിഭാസം കാരണം നഗരങ്ങളിൽ ഗ്രാമങ്ങളേക്കാൾ ചൂട് കൂടാറുണ്ട്. ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു. ഭാവിയിൽ കുറഞ്ഞ ചെലവിൽ നഗരങ്ങളെ തണുപ്പിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ലോകമെമ്പാടും വ്യാപകമായേക്കും.
