ബിസിനസ് ഇനി വാട്സ്ആപ് എ.ഐ വഴി; ഇന്ത്യയിലെ വ്യാപാരികൾക്കായി പുതിയ മാറ്റങ്ങൾ

  1. Home
  2. Tech

ബിസിനസ് ഇനി വാട്സ്ആപ് എ.ഐ വഴി; ഇന്ത്യയിലെ വ്യാപാരികൾക്കായി പുതിയ മാറ്റങ്ങൾ

ai


ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് 'ബിസിനസ് എ.ഐ' എന്ന പുതിയ ഫീച്ചർ വാട്സ്ആപ് അവതരിപ്പിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ ഫീച്ചർ ലഭ്യമാകുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളുടെ സഹായമില്ലാതെ തന്നെ വാട്സ്ആപ് ബിസിനസ് ആപ്പിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ വ്യാപാരികൾക്ക് സാധിക്കും.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഉൽപ്പന്നങ്ങൾ വിൽക്കാനും ഈ സാങ്കേതികവിദ്യ ബിസിനസുകാരെ സഹായിക്കും. ഓരോ സ്ഥാപനത്തിന്റെയും ഉൽപ്പന്നങ്ങൾ, വിലവിവരങ്ങൾ, ഷിപ്പിങ് രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി എ.ഐ സംവിധാനത്തെ പരിശീലിപ്പിക്കാൻ ഉടമകൾക്ക് സാധിക്കും. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും സംഭാഷണങ്ങൾ നടത്താൻ ഈ ബിസിനസ് എ.ഐക്ക് കഴിവുണ്ടെന്ന് വാട്സ്ആപ് വ്യക്തമാക്കി. ഇതിനുപുറമെ ചാറ്റുകൾക്കുള്ളിൽ തന്നെ യു.പി.ഐ വഴി പണമിടപാടുകൾ നടത്താനുള്ള സൗകര്യവും ഉടൻ ലഭ്യമാകും.

എ.ഐ സംവിധാനമാണ് മറുപടി നൽകുന്നതെങ്കിലും അതിന്റെ പൂർണ്ണ നിയന്ത്രണം ബിസിനസ് ഉടമകൾക്കായിരിക്കും. ആവശ്യമുള്ള ഘട്ടങ്ങളിൽ എ.ഐയിൽ നിന്ന് സംഭാഷണങ്ങൾ നേരിട്ട് ഏറ്റെടുക്കാനും ഉടമകൾക്ക് സാധിക്കും. ചെറുകിട ബിസിനസുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഉപഭോക്തൃ ചോദ്യങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് മെറ്റ ഇന്ത്യ അറിയിച്ചു. യോഗ്യരായ ബിസിനസുകൾക്ക് ആപ്പിലെ 'ടൂൾസ്' ടാബിൽ പോയി 'യുവർ ബിസിനസ് എ.ഐ' എന്ന ഓപ്ഷനിലൂടെ ഈ സേവനം സജീവമാക്കാം. വരും ആഴ്ചകളിൽ ഇന്ത്യയിലുടനീളമുള്ള കൂടുതൽ സംരംഭങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്.