കൗമാരക്കാരുടെ സോഷ്യൽ മീഡിയ അടിമത്തം തടയാൻ കർശന നിയമവുമായി കാലിഫോർണിയ; വിദ്യാർഥികളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കാൻ മൈക്രോസോഫ്റ്റ്

  1. Home
  2. Tech

കൗമാരക്കാരുടെ സോഷ്യൽ മീഡിയ അടിമത്തം തടയാൻ കർശന നിയമവുമായി കാലിഫോർണിയ; വിദ്യാർഥികളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കാൻ മൈക്രോസോഫ്റ്റ്

SOCIAL MEDIA


കൗമാരക്കാർ സോഷ്യൽ മീഡിയയ്ക്കും എ.ഐ സാങ്കേതികവിദ്യകൾക്കും അടിമപ്പെടുന്നത് തടയാൻ യു.എസ് സംസ്ഥാനമായ കാലിഫോർണിയ കർശന നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ആസക്തി ഉളവാക്കുന്ന ഫീച്ചറുകൾ നൽകുന്നത് തടയുന്ന പുതിയ ബില്ലിൽ ഗവർണർ ഗവിൻ ന്യൂസം ഉടൻ ഒപ്പുവെക്കും. ഉപയോക്താക്കൾ സംസാരിക്കുന്നത് എ.ഐ ചാറ്റ്‌ബോട്ടുകളോടാണോ അതോ മനുഷ്യരോടാണോ എന്ന് ഡെവലപ്പർമാർ വ്യക്തമാക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാങ്കേതികവിദ്യകൾ കുട്ടികളെ അപകടത്തിലാക്കുന്നത് കണ്ടുനിൽക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. ടിക്‌ടോക്, മെറ്റ, സ്‌നാപ്പ്, യൂട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെതിരെ രക്ഷിതാക്കളും സ്കൂൾ അധികൃതരും നൽകിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തിന്റെ നിർണായക നീക്കം. യുകെ, ഫ്രാൻസ്, ഗ്രീസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

അതിനിടെ, എട്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് ന്യൂയോർക്ക് മേയർ നിരോധിച്ചതിന് പിന്നാലെ, വിദ്യാർഥികളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മൈക്രോസോഫ്റ്റ് യു.എസിലെ പ്രധാന അധ്യാപക യൂണിയനുകളുമായി കരാറിലേർപ്പെട്ടു. 'നാഷണൽ എ.ഐ സേഫ്റ്റി ആൻഡ് പ്രൈവസി സ്റ്റാൻഡേർഡ്' എന്ന് പേരിട്ടിരിക്കുന്ന കരാർ പ്രകാരം വിദ്യാർഥികളുടെയോ അധ്യാപകരുടെയോ വിവരങ്ങൾ എ.ഐ പരിശീലനത്തിനായോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ വിദ്യാർഥികൾക്കായുള്ള എ.ഐ ചാറ്റ്‌ബോട്ടുകൾ ഒഴിവാക്കാനും ഡാറ്റ ചോർച്ചകൾ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാനും മൈക്രോസോഫ്റ്റ് ബാധ്യസ്ഥരായിരിക്കും.