16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ കാനഡ; ലംഘിച്ചാൽ വൻ തുക പിഴ

  1. Home
  2. Tech

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ കാനഡ; ലംഘിച്ചാൽ വൻ തുക പിഴ

CANADA


കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇത് സംബന്ധിച്ച ചരിത്രപരമായ 'ഡിജിറ്റൽ സുരക്ഷാ ബിൽ' പാർലമെന്റിൽ അവതരിപ്പിച്ചു. ഓസ്‌ട്രേലിയക്ക് പിന്നാലെയാണ് ഇപ്പോൾ കാനഡയും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് മേൽ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ എ.ഐ ചാറ്റ്‌ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യകൾക്കായി പ്രത്യേക ഡിജിറ്റൽ റെഗുലേറ്ററെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആഗോള ടെക് കമ്പനികൾക്ക് നേരെ കടുത്ത സാമ്പത്തിക ശിക്ഷാനടപടികളാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികളുടെ ആഗോള വരുമാനത്തിന്റെ 3 ശതമാനമോ അല്ലെങ്കിൽ 10 മില്യൺ കനേഡിയൻ ഡോളറോ (ഏകദേശം 7.2 മില്യൺ യു.എസ് ഡോളർ), ഇതിൽ ഏതാണോ ഉയർന്ന തുക അത് പിഴയായി ഈടാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സോഷ്യൽ മീഡിയയും എ.ഐ ചാറ്റ്‌ബോട്ടുകളും കുട്ടികളിൽ കടുത്ത ഉത്കണ്ഠ, ഒറ്റപ്പെടൽ, വിഷാദം എന്നിവയടക്കമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.

രാജ്യത്തെ നടുക്കിയ ഒരു കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഓപ്പൺ എ.ഐ കമ്പനിക്കെതിരെ ഇരകളുടെ കുടുംബങ്ങൾ നിയമനടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയുടെ ഈ പുതിയ നീക്കം. പ്രതി കൂട്ടക്കൊലയ്ക്കുള്ള പദ്ധതികൾ ചാറ്റ് ജി.പി.ടിയിൽ ആസൂത്രണം ചെയ്തിട്ടും കമ്പനി അധികൃതരെ വിവരമറിയിച്ചില്ലെന്നാണ് കുടുംബങ്ങളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് എ.ഐ ചാറ്റ്‌ബോട്ടുകൾക്കും കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്. പുതിയ ബില്ലിനോട് അനുഭാവപൂർണ്ണമായ നിലപാടാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സുരക്ഷാ ബില്ലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് മെറ്റ അറിയിച്ചപ്പോൾ എക്സ്, സ്നാപ്ചാറ്റ്, ഓപ്പൺ എ.ഐ എന്നിവർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.