ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്രം; വാട്സാപ്പും ടെലഗ്രാമും ഉൾപ്പെടെയുള്ള ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ വരുന്നു
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ എല്ലാ മെസേജിങ് ആപ്പുകൾക്കുമായി ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഫോൺ നമ്പറുകൾക്ക് പകരം 'യൂസർനെയിം' മാത്രം ഉപയോഗിച്ച് അക്കൗണ്ട് കൈകാര്യം ചെയ്യാവുന്ന വാട്സാപ്പിന്റെ പുതിയ ഫീച്ചറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം ഒരേ സുരക്ഷാ മാനദണ്ഡം നടപ്പാക്കാനൊരുങ്ങുന്നത്.
യൂസർനെയിം സംവിധാനം വ്യാപകമാകുന്നതോടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ജനങ്ങളെ തട്ടിപ്പിന് ഇരയാക്കാൻ എളുപ്പമാകുമെന്നാണ് ഐ.ടി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിൽ വാട്സാപ്പിന്റെ പുതിയ പരിഷ്കാരം വലിയ സുരക്ഷാഭീഷണിയുയർത്തുമെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വിവേചനമില്ലാതെ എല്ലാ ആപ്പുകൾക്കും ഒരേ നിയമം ബാധകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏകീകൃത ചട്ടങ്ങൾ രൂപീകരിക്കുന്നത്. വിഷയത്തിൽ കേന്ദ്രം അയച്ച നോട്ടീസിന് വാട്സാപ്പും ടെലഗ്രാമും ഇതിനോടകം മറുപടി നൽകിയിട്ടുണ്ട്. തങ്ങളുടെ യൂസർനെയിം ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ് കമ്പനികൾ വിശദീകരണം നൽകിയത്. ഈ മറുപടികൾ മന്ത്രാലയം നിലവിൽ പരിശോധിച്ച് വരികയാണ്. അതേസമയം ജൂലൈ ആദ്യവാരം നോട്ടീസ് കൈപ്പറ്റിയ സിഗ്നൽ ആപ്പ് ഇതുവരെ മറുപടി സമർപ്പിച്ചിട്ടില്ല.
നിലവിലെ ഐ.ടി നിയമങ്ങളിൽ ആപ്പുകളുടെ സാങ്കേതിക ഫീച്ചറുകളെ നിയന്ത്രിക്കാൻ വ്യക്തമായ വ്യവസ്ഥകളില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. എന്നാൽ കമ്പനികളുടെ ആഭ്യന്തര ഫീച്ചറുകളിലും ആപ്പ് രൂപകൽപ്പനയിലും ഇടപെടാനുള്ള സർക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഡിജിറ്റൽ അവകാശ പ്രവർത്തകരും നിയമ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ ടെക് കമ്പനികളുമായും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.
