ചാറ്റുകൾ കൂടുതൽ കളറാകും; പുത്തൻ ചാറ്റ് തീമുകളും ഫീച്ചറുകളും അവതരിപ്പിച്ച് വാട്സ്ആപ്പ്
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ ചാറ്റിംഗ് അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇനിമുതൽ ചാറ്റുകളിലെ തീം, വാൾപേപ്പർ, ചാറ്റ് ബബിൾ കളർ എന്നിവ മറ്റു ഉപയോക്താക്കളുമായി സിങ്ക് ചെയ്യാനും പങ്കുവെക്കാനും സാധിക്കും. കൂടാതെ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഫീച്ചർ, നേച്ചർ, ലൈവ്, മിനിമൽ, ഡൂഡിൽ എന്നിങ്ങനെ അഞ്ച് പുതിയ ചാറ്റ് തീമുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാറ്റ് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ആനിമേഷൻ പ്ലേ ചെയ്യുന്ന ലൈവ് തീമുകളാണ് ഇതിൽ പ്രധാന ആകർഷണം. നേച്ചർ വിഭാഗത്തിൽ പ്രകൃതിദൃശ്യങ്ങളുടെ വാൾപേപ്പറുകൾ ലഭ്യമാകും. മുമ്പ് ഓരോരുത്തർക്കും അവരവരുടെ ഫോണിലെ ചാറ്റ് ബാക്ക്ഗ്രൗണ്ട് മാത്രമേ മാറ്റാൻ കഴിഞ്ഞിരുന്നുള്ളൂ എങ്കിൽ, പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന തീമും വാൾപേപ്പറും ചാറ്റിലെ മറുഭാഗത്തുള്ള വ്യക്തിക്കും ഒരുപോലെ കാണാൻ സാധിക്കും.
പ്രധാന സവിശേഷതകൾ:
- വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സിങ്ക് ഫീച്ചർ ഉപയോഗിക്കാം.
- വാട്‌സ്ആപ്പിന്റെ ഡിഫോൾട്ട് തീമുകൾക്ക് പുറമെ ഫോൺ ഗാലറിയിൽ നിന്നുള്ള ചിത്രങ്ങളും ബാക്ക്ഗ്രൗണ്ടായി സെറ്റ് ചെയ്യാം.
- തീം എല്ലാവർക്കും കാണാവുന്ന രീതിയിൽ സിങ്ക് ചെയ്യണോ അതോ സ്വന്തം ഫോണിൽ മാത്രം മതിയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.
- ചാറ്റിൽ ആരെങ്കിലും തീം മാറ്റിയാൽ അത് വ്യക്തമാക്കുന്ന സിസ്റ്റം മെസ്സേജ് ചാറ്റിൽ ലഭിക്കും.
- മറ്റൊരാൾ ഷെയർ ചെയ്ത തീം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപയോക്താവിന് അത് മാറ്റി സ്വന്തം ഇഷ്ടാനുസരണം പുതിയ തീം തിരഞ്ഞെടുക്കാം.
- പുതിയ ഫീച്ചറിലും വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ നിലനിൽക്കും.
ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലായതിനാൽ സാധാരണ ഉപയോക്താക്കൾക്കായി എന്ന് ലഭ്യമാക്കുമെന്ന തീയതി കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
