ചൈനയുടെ ബഹിരാകാശ നിലയം 'ടിയാങ്ഗോങ്' ഇന്ന് കേരളത്തിന് മുകളിലെത്തും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം
ചൈനയുടെ ബഹിരാകാശ നിലയമായ 'ടിയാങ്ഗോങ്' ഇന്ന് വൈകിട്ട് 7.26 മുതൽ 7.30 വരെ കേരളത്തിന് മുകളിലൂടെ കടന്നുപോകും. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന ഈ നിലയം നാല് മിനിറ്റോളം കേരളത്തിലുടനീളം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാനാകും. വടക്കു-പടിഞ്ഞാറ് അറബിക്കടലിന് മുകളിലായി പ്രത്യക്ഷപ്പെടുന്ന നിലയം വടക്കൻ മലബാർ തൊട്ട് തെക്കോട്ട് നീങ്ങി, 7.30-ഓടെ തമിഴ്‌നാടും കടന്ന് ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങുന്നതോടെ അപ്രത്യക്ഷമാകും.
മൂന്ന് ചൈനീസ് ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങളുമായി നിലയത്തിലുള്ളത്. 'T' ആകൃതിയിൽ നിർമിച്ച ഈ ബഹിരാകാശ നിലയം കാഴ്ചയിൽ തുമ്പിയെപ്പോലെ തോന്നിപ്പിക്കും. ആകാശത്ത് സൂര്യൻ, ചന്ദ്രൻ, ഐ.എസ്.എസ് എന്നിവ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള വസ്തുവായാണ് ടിയാങ്ഗോങ് ദൃശ്യമാകുക. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ചൈനയ്ക്ക് പങ്കാളിത്തമില്ലാത്തതിനെ തുടർന്നാണ് അവർ സ്വന്തമായി 'ബഹിരാകാശ കൊട്ടാരം' എന്നർഥമുള്ള ടിയാങ്ഗോങ് നിർമിച്ചത്.
