മെറ്റയ്ക്ക് ചൈനയുടെ അന്ത്യശാസനം; 20,000 കോടിയുടെ 'മാനസ്' ഇടപാട് റദ്ദാക്കാൻ രണ്ടാഴ്ചത്തെ സമയം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ ഞെട്ടിച്ചുകൊണ്ട് മെറ്റ-മാനസ് ഇടപാട് റദ്ദാക്കാൻ മാർക്ക് സക്കർബർഗിന് ചൈനയുടെ കർശന നിർദ്ദേശം. സിംഗപ്പൂർ ആസ്ഥാനമായുള്ള എ.ഐ സ്റ്റാർട്ടപ്പായ മാനസിനെ 250 കോടി ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുത്ത നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിക്കാനാണ് ചൈനീസ് സർക്കാർ അന്ത്യശാസനം നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ബീജിങ്ങിന്റെ ഈ അസാധാരണ ഇടപെടൽ.
സിംഗപ്പൂർ കേന്ദ്രമായാണ് മാനസ് പ്രവർത്തിക്കുന്നതെങ്കിലും ഇതിന്റെ അടിസ്ഥാന സാങ്കേതികവിദ്യ 'ബീജിങ് ബട്ടർഫ്ലൈ ഇഫക്റ്റ് ടെക്നോളജി' എന്ന ചൈനീസ് കമ്പനിയുടേതാണ്. സുപ്രധാനമായ എ.ഐ അൽഗോരിതങ്ങൾ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങൾക്ക് കൈമാറുന്നത് ചൈനീസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഏറ്റെടുക്കലിന് ശേഷം മാനസിന്റെ സാങ്കേതികവിദ്യ മെറ്റ തങ്ങളുടെ സെർവറുകളുമായി സംയോജിപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ഇവയെല്ലാം ഉടൻ നീക്കം ചെയ്യണമെന്നും വിവരങ്ങൾ തിരികെ നൽകണമെന്നുമാണ് പുതിയ ഉത്തരവ്.
ഇടപാടുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പ് സ്ഥാപകരായ ഷിയാവോ ഹോങ്, ജി യിച്ചാവോ എന്നിവരെ ചൈനീസ് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് രാജ്യം വിട്ടുപോകുന്നതിനും വിലക്കുണ്ട്. നിക്ഷേപകർക്ക് ഇതിനോടകം പണം കൈമാറിക്കഴിഞ്ഞതിനാൽ, കാലിഫോർണിയയിലെ ബെഞ്ച്മാർക്ക് ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നത് മെറ്റയെ സംബന്ധിച്ച് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകും. ചൈനീസ് സാങ്കേതിക വിദ്യകൾ അനുമതിയില്ലാതെ വിദേശികൾക്ക് വിൽക്കാൻ അനുവദിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് ഈ നടപടിയിലൂടെ ബീജിങ് നൽകുന്നത്.
