പൊതുശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ ആപ്പ്; മന്ത്രി എം.ബി. രാജേഷ് നാളെ ഉദ്ഘാടനം ചെയ്യും

  1. Home
  2. Tech

പൊതുശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ ആപ്പ്; മന്ത്രി എം.ബി. രാജേഷ് നാളെ ഉദ്ഘാടനം ചെയ്യും

kloo


യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നമായ ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായാണ് സംസ്ഥാന സർക്കാർ ‘ക്ലൂ’ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആപ്പ് ഉദ്ഘാടനം ചെയ്യും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള ശുചിമുറികൾ വേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരമുള്ള സ്വകാര്യ ഹോട്ടലുകളിലെ ശുചിമുറികളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിമുറികളുടെ പ്രവർത്തന സമയം, പാർക്കിങ് സൗകര്യം, ശുചിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള റേറ്റിങ്ങുകൾ എന്നിവയും ഉപയോക്താക്കൾക്ക് തത്സമയം പരിശോധിക്കാം.

ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്. ആദ്യഘട്ടത്തിൽ ദേശീയ പാതകളെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ സേവനം ലഭ്യമാകുക. വരും മാസങ്ങളിൽ കൂടുതൽ സ്വകാര്യ പങ്കാളികളെ ഉൾപ്പെടുത്തി പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ സുപ്രധാന ചുവടുവെപ്പാണിത്.