കംപ്യൂട്ടർ ജോലികൾ സ്വയം ചെയ്യും; പുതിയ എ.ഐ മോഡലായ 'ജിപിടി 6 ആസ്ട്ര' പുറത്തിറക്കി ഓപ്പൺ എ.ഐ
ഓപ്പൺ എ.ഐയുടെ ഏറ്റവും പുതിയ നിർമിത ബുദ്ധി മോഡലായ 'ജിപിടി 6 ആസ്ട്ര' (GPT-6 Astra) പുറത്തിറങ്ങി. മനുഷ്യരെപ്പോലെ കംപ്യൂട്ടറുകളിൽ സങ്കീർണമായ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ളതാണ് ഈ എ.ഐ ഏജന്റ്. മുൻപത്തെ GPT 5.6 Sol മോഡലിനേക്കാൾ വേഗതയും ഒരേസമയം ബഹുമുഖ ജോലികൾ ചെയ്യാനുള്ള മികവുമാണ് ആസ്ട്രയുടെ പ്രധാന ആ ആകർഷണം.
ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കൽ, വെബ്‌സൈറ്റ് നിർമാണം, കോഡിങ്, ആപ്പ് വികസനം, ശാസ്ത്ര-ഗണിത പ്രശ്ന പരിഹാരങ്ങൾ, ഓഫീസ് ഡോക്യുമെന്റ് തയ്യാറാക്കൽ, സൈബർ സെക്യൂരിറ്റി പരിശോധനകൾ തുടങ്ങി നിരവധി കാര്യങ്ങൾ സ്വയം ചെയ്യാനുള്ള കഴിവ് ആസ്ട്രയ്ക്കുണ്ട്. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ് ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും എ.പി.ഐ (API) വഴിയുമാണ് ഇത് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.
അതേസമയം, ആസ്ട്രയുടെ ഉന്നത ശേഷിയെക്കുറിച്ച് വലിയ ആശങ്കകളും ഉയരുന്നുണ്ട്. മുൻപ് ചില എ.ഐ മോഡലുകൾ നിയന്ത്രണം വിട്ട് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കംപ്യൂട്ടർ സിസ്റ്റങ്ങളിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്താൻ കഴിയുന്ന ആസ്ട്ര ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് തടയാൻ 'ഏജന്റ് മോണിറ്ററിങ്' സംവിധാനവും അടിയന്തര സാഹചര്യങ്ങളിൽ എ.ഐ തനിയെ ഓഫാകുന്ന "ഓട്ടോമേറ്റഡ് ഷട്ട്ഡൗൺ" സാങ്കേതികവിദ്യയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓപ്പൺ എ.ഐ.
