തുടർച്ചയായ സാങ്കേതിക തകരാറുകൾക്കിടെ സൈബർ സുരക്ഷാ മേധാവിയെ നീക്കി; ട്രംപിന്റെ പൂർണ്ണ പിന്തുണയോടെ നടപടി
അമേരിക്കയിൽ വിമാന സർവീസുകൾ, ബാങ്കിങ് സംവിധാനങ്ങൾ, ഇമെയിൽ സേവനങ്ങൾ എന്നിവയിൽ തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദേശീയ സൈബർ സുരക്ഷാ മേധാവി ഷോൺ കെയിൻക്രോസിനെ സ്ഥാനത്തുനിന്ന് നീക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ നടപടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സൈബർ സുരക്ഷാ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ആവശ്യമായ യോഗ്യത കെയിൻക്രോസിനില്ലെന്ന വിലയിരുത്തലാണ് പുറത്താക്കലിന് പിന്നിലെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, രണ്ട് വർഷം കൂടി ഈ പദവിയിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് സ്ഥാനമൊഴിഞ്ഞതെന്നും മറുഭാഗത്ത് റിപ്പോർട്ടുകളുണ്ട്. നടപടിയുടെ യഥാർത്ഥ കാരണത്തെക്കുറിച്ച് വ്യത്യസ്ത സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെ സുപ്രധാന സംവിധാനങ്ങളിലാണ് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) നിർദ്ദേശത്തെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് ഇമെയിൽ സേവനത്തെയും യുണൈറ്റഡ് എയർലൈൻസിന്റെ പ്രവർത്തനങ്ങളെയും തടസ്സങ്ങൾ ബാധിച്ചു. കൂടാതെ, ദേശീയ സുരക്ഷാ ഏജൻസിയുടെ (NSA) ആഭ്യന്തര ആശയവിനിമയ സംവിധാനത്തിലും ബാങ്കിങ് മേഖലയിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇതെല്ലാം ആസൂത്രിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമാണെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അറ്റകുറ്റപ്പണികളും സാങ്കേതിക മാറ്റങ്ങളും കാരണം വ്യത്യസ്ത സമയങ്ങളിൽ ഉണ്ടായ തടസ്സങ്ങൾ മാത്രമാണിതെന്നാണ് വിശദീകരണം. എങ്കിലും രാജ്യത്തെ നിർണ്ണായക സംവിധാനങ്ങളുടെ സുരക്ഷയെയും സൈബർ ഭീഷണികളെ നേരിടാനുള്ള സർക്കാരിന്റെ സന്നദ്ധതയെയും കുറിച്ച് വലിയ ചർച്ചകളും ചോദ്യങ്ങളും ഉയരുന്നതിനിടെയാണ് സൈബർ സുരക്ഷാ മേധാവിയെ മാറ്റിയിരിക്കുന്നത്.
