മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പൺ എ.ഐക്കെതിരെ മാതാവ് കോടതിയിൽ

  1. Home
  2. Tech

മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പൺ എ.ഐക്കെതിരെ മാതാവ് കോടതിയിൽ

open ai


തന്റെ മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ജനപ്രിയ എ.ഐ പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എ.ഐ കമ്പനിക്കും അതിന്റെ സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ കനേഡിയൻ സ്വദേശിയായ മാതാവ് യു.എസ് കോടതിയെ സമീപിച്ചു. ക്രിസ്റ്റി കാരിയർ എന്ന സ്ത്രീയാണ് സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ ഹരജി നൽകിയത്. വെബ് ഡെവലപ്പറായ തന്റെ 24 കാരി മകൾ ആലിസ് കഴിഞ്ഞ വർഷം ജീവനൊടുക്കാൻ കാരണം ചാറ്റ് ജി.പി.ടിയുടെ അപകടകരമായ ഇടപെടലുകളാണെന്ന് ഹരജിയിൽ പറയുന്നു.

മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ആലിസ് നിരവധി തവണ ആത്മഹത്യാ ചിന്തകൾ ചാറ്റ് ജി.പി.ടിയുമായി പങ്കുവെച്ചിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇത് തിരിച്ചറിഞ്ഞ് തടയാൻ ശ്രമിച്ചില്ലെന്ന് മാതാവ് ആരോപിക്കുന്നു. പകരം, ആലിസിന്റെ പങ്കാളിയെയും ഹെൽപ്പ് ലൈൻ സംവിധാനങ്ങളെയും ചാറ്റ് ജി.പി.ടി വിമർശിക്കുകയും അവളുടെ നിഷേധാത്മക ചിന്തകളെ ശരിവെച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മാതാവിന്റെ പരാതി.

സംഭവം ഹൃദയഭേദകമാണെന്ന് പ്രതികരിച്ച ഓപ്പൺ എ.ഐ വക്താവ്, ആലിസ് ഉപയോഗിച്ച ചാറ്റ് ജി.പി.ടിയുടെ പഴയ പതിപ്പ് ഇപ്പോൾ ലഭ്യമല്ലെന്ന് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ഇത്തരം സാഹചര്യങ്ങളിലെ എ.ഐ പ്രതികരണങ്ങൾ ഇപ്പോൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ കാലിഫോർണിയ കോടതിയിൽ ഓപ്പൺ എ.ഐക്കെതിരെ സമാനമായ 18 ഓളം കേസുകളുണ്ട്. കൂടാതെ, സ്കൂൾ വെടിവെപ്പുകാർക്ക് വിവരങ്ങൾ നൽകിയെന്നും കുട്ടികളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഫ്ലോറിഡ സംസ്ഥാനവും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യ, സ്വയംഭോഗം തുടങ്ങിയ വിഷയങ്ങളിലെ സംഭാഷണങ്ങൾ ചാറ്റ് ജി.പി.ടിയിൽ പൂർണ്ണമായി നിരോധിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.