'പ്രിയപ്പെട്ട നാസ, പ്ലൂട്ടോയെ ഗ്രഹമാക്കൂ, ഒരുപാട് പേർ സന്തോഷിക്കും'; 10 വയസ്സുകാരിയുടെ കത്തിന് നാസ നൽകിയ മറുപടി വൈറൽ

  1. Home
  2. Tech

'പ്രിയപ്പെട്ട നാസ, പ്ലൂട്ടോയെ ഗ്രഹമാക്കൂ, ഒരുപാട് പേർ സന്തോഷിക്കും'; 10 വയസ്സുകാരിയുടെ കത്തിന് നാസ നൽകിയ മറുപടി വൈറൽ

nasa pluto


പ്ലൂട്ടോയെ വീണ്ടും ഒരു ഗ്രഹമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി നാസയ്ക്ക് അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൈല എന്ന പെൺകുട്ടി സ്വന്തം കൈപ്പടയിൽ എഴുതിയ ഈ ഹൃദയസ്പർശിയായ കത്ത്, അതിലെ നിഷ്കളങ്കതയും പ്ലൂട്ടോയോടുള്ള സ്നേഹവും കാരണം ചുരുങ്ങിയ സമയം കൊണ്ട് ഇന്റർനെറ്റിന്റെ ഹൃദയം കീഴടക്കി.

പ്ലൂട്ടോയെ വീണ്ടും ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് തന്നെയും സുഹൃത്തുക്കളെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെപ്പേരെ സന്തോഷിപ്പിക്കുമെന്ന് കൈല കത്തിൽ പറയുന്നു. 1930-ൽ ക്ലൈഡ് ടോംബോ കണ്ടെത്തിയ പ്ലൂട്ടോയുടെ സവിശേഷതകളെല്ലാം കത്തിൽ കുട്ടി എണ്ണിപ്പറയുന്നുണ്ട്. ഭൂമിയുടെ ചന്ദ്രനേക്കാൾ ചെറുതാണെങ്കിലും പ്ലൂട്ടോയ്ക്ക് അഞ്ച് ഉപഗ്രഹങ്ങളുണ്ടെന്നും, ഒരു യഥാർത്ഥ ഗ്രഹമാകാനുള്ള എല്ലാ അർഹതയും അതിനുണ്ടെന്നും കൈല വാദിക്കുന്നു. കുള്ളൻ ഗ്രഹമായി തരംതിരിക്കപ്പെട്ടെങ്കിലും പ്ലൂട്ടോ എന്നും നമ്മുടെ സൗരയൂഥത്തിന്റെ അഭിവാജ്യഘടകമാണെന്ന് കുട്ടി ഓർമ്മിപ്പിക്കുന്നു.

കുട്ടിയുടെ കത്തിന് നാസ നൽകിയ മറുപടിയാണ് ഈ വാർത്തയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. "കൈല, ഞങ്ങൾ ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്" എന്ന രസകരമായ മറുപടിയാണ് നാസ നൽകിയത്. നിരവധി പേരാണ് കുട്ടിയുടെ ജിജ്ഞാസയെയും നാസയുടെ സ്നേഹപൂർണ്ണമായ പ്രതികരണത്തെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. പഴയ തലമുറയ്ക്ക് പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു എന്ന നൊസ്റ്റാൾജിയ സമ്മാനിച്ച ഈ കത്ത്, ശാസ്ത്രലോകത്ത് പ്ലൂട്ടോയുടെ പദവിയെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.