ദുബൈയിൽ ഡ്രൈവിങ് പരിശീലനം ഇനി എ.ഐ നിരീക്ഷണത്തിൽ; കാമറക്കണ്ണുകൾ പിടികൂടും

  1. Home
  2. Tech

ദുബൈയിൽ ഡ്രൈവിങ് പരിശീലനം ഇനി എ.ഐ നിരീക്ഷണത്തിൽ; കാമറക്കണ്ണുകൾ പിടികൂടും

DUBAI AI


യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്കും ഇൻസ്ട്രക്ടർമാർക്കും ഇനിമുതൽ നിർമ്മിത ബുദ്ധിയുടെ (AI) കർശന നിരീക്ഷണം. ഡ്രൈവിങ് പരിശീലനത്തിനിടയിലെ ചെറിയ അശ്രദ്ധകളും അലംഭാവവുമൊക്കെ കൃത്യമായി ഒപ്പിയെടുക്കുന്ന ‘ഇന്റലിജന്റ് മോണിറ്ററിങ് സിസ്റ്റം’ (Intelligent Monitoring System) നടപ്പിലാക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരുങ്ങുന്നു. പുതിയ സംവിധാനം പരിചയപ്പെടുത്തുന്നതിനായി ദുബൈയിലെ പ്രമുഖ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കായി ആർ.ടി.എ പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

പരിശീലന വാഹനങ്ങൾക്കുള്ളിൽ സ്ഥാപിക്കുന്ന അത്യാധുനിക കാമറ സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും പെരുമാറ്റവും ഡ്രൈവിങ്ങും ഇത് തത്സമയം നിരീക്ഷിക്കും. പരിശീലനത്തിനിടയിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവുകൾ സിസ്റ്റം കൃത്യമായി തിരിച്ചറിയുകയും ഉടനടി മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഡ്രൈവിങ്ങിനിടയിൽ ഉറങ്ങുക, വണ്ടിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുക, മൊബൈൽ ഉപയോഗം ഉൾപ്പെടെയുള്ള മറ്റ് രീതികളിൽ ശ്രദ്ധ തിരിയുക എന്നിവയൊക്കെ ഈ എ.ഐ കാമറക്കണ്ണുകൾ കൃത്യമായി കണ്ടെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇതിനുപുറമെ, പരിശീലനത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളും സമയക്രമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്നതും ഈ സിസ്റ്റത്തിന്റെ നിരീക്ഷണ പരിധിയിൽ വരും. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുള്ളിൽ കൂടുതൽ കൃത്യതയാർന്നതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പഠന അന്തരീക്ഷം ഉറപ്പാക്കാനും, പരിശീലന പരിശോധനകൾ സുതാര്യമായി രേഖപ്പെടുത്താനും വേണ്ടിയാണ് ആർ.ടി.എ ഈ പുതിയ ഡിജിറ്റൽ മേൽനോട്ട സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈയിലെ ഡ്രൈവിങ് പരിശീലന രംഗത്ത് ഗുണനിലവാരവും റോഡ് സുരക്ഷിതത്വവും വൻതോതിൽ വർദ്ധിപ്പിക്കാൻ ഈ എ.ഐ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ആർ.ടി.എ വിലയിരുത്തി.