മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; വാൾട്ടർ ഐസക്‌സന്റെ ‘ഇലോൺ മസ്‌ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ

  1. Home
  2. Tech

മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; വാൾട്ടർ ഐസക്‌സന്റെ ‘ഇലോൺ മസ്‌ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ

elone-musk


ഇലോൺ മസ്‌കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്‌സന്റെ ‘ഇലോൺ മസ്‌ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ‘ബ്ലാക്ക് സ്വാൻ’, ‘ദി റെസ്റ്റലർ’, ‘ദി വേയ്ൽ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡാരൻ ആരോനോഫ്‌സ്‌കിയാണ് ചിത്രമൊരുക്കുന്നത്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ നേടിയ ആളാണ് അമേരിക്കൻ സംവിധായകനായ ഡാരൻ.

വാൾട്ടർ ഐസക്‌സണിന്റെ രചനയിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രമായ ‘ഇലോൺ മസ്‌ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഐസക്സണിന്റെ ‘സ്റ്റീവ് ജോബ്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.

സൗത്ത് ആഫ്രിക്കയിൽ ജനിച്ച കാനഡ-അമേരിക്കക്കാരനായ ഒരു വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറും ആണ് മസ്ക്. ടെസ്ല മോ‍ട്ടോർസിൻറെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്പേസ് എക്സ് ആണ്. ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ്‌ 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടി ആണ് ഈ മഹാ പ്രതിഭ. ഇതിനു പുറമേ “ ഹൈപ്പർ ലൂപ് “ എന്ന അതിവേഗ യാത്ര സംവിധാനം ഇദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്. ധനികരുടെ പട്ടികയിൽ 1-ാം സ്ഥാനത്താണ് ഇദ്ദേഹം.

മസ്‌കിന്റെ വ്യക്തി ജീവിതത്തിന് പുറമെ സുസ്ഥിര ഊർജ്ജം, ബഹിരാകാശ പര്യവേക്ഷണം, എഐ തുടങ്ങിയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ സിനിമയുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തിവിട്ടിട്ടില്ല.