13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജി.ടി.എ 6' പുറത്തിറങ്ങി, ഗെയിം കളിക്കാൻ ഇന്ത്യയിലടക്കം കമ്പനികൾ അവധി പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ 13 വർഷമായി കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (GTA) പരമ്പരയിലെ ആറാം പതിപ്പായ 'ജി.ടി.എ 6' ഇന്ന് (വ്യാഴാഴ്ച) പുറത്തിറങ്ങി. 2013-ൽ ജി.ടി.എ 5 പുറത്തിറങ്ങിയതിന് ശേഷം ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോക്ക്സ്റ്റാർ ഗെയിംസ് (Rockstar Games) പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഗെയിം ലഭ്യമാകുക.
റിലീസിന് മുമ്പേ റെക്കോർഡുകൾ തകർത്തു
വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രീ-ഓർഡറുകളിലൂടെ ആഗോളതലത്തിൽ 100 കോടി ഡോളറിലധികം വരുമാനം നേടി ജി.ടി.എ 6 ചരിത്രം കുറിച്ചു. മുൻ പതിപ്പായ ജി.ടി.എ 5 പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിലായിരുന്നു 100 കോടി ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചത്. ഇതുവരെ ആകെ 47 കോടിയലധികം കോപ്പികൾ വിറ്റഴിഞ്ഞ ജി.ടി.എ പരമ്പരയിൽ, 23 കോടിയിലധികം കോപ്പികളുമായി ജി.ടി.എ 5 ആയിരുന്നു മുന്നിൽ. എന്നാൽ ആ റെക്കോർഡുകളെല്ലാം മറികടക്കുന്ന തരത്തിലുള്ള വൻ സ്വീകരണമാണ് ജി.ടി.എ 6-ന് ലഭിക്കുന്നത്.
വൈസ് സിറ്റിയിലേക്കുള്ള മടങ്ങിവരവ്
മയാമിയെ മാതൃകയാക്കി സൃഷ്ടിച്ച വർണ്ണാഭമായ സാങ്കൽപ്പിക നഗരമായ 'വൈസ് സിറ്റി'യിലേക്കാണ് പുതിയ പതിപ്പ് കളിക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഫ്ലോറിഡയെ അടിസ്ഥാനമാക്കിയുള്ള 'ലിയോനിഡ' എന്ന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നിവരാണ് ഗെയിമിലെ പ്രധാന കഥാപാത്രങ്ങൾ. അധോലോകത്തിന്റെ ഭാഗമാകുന്ന ഇരുവരും അതിജീവനത്തിനായി പരസ്പരം ആശ്രയിച്ച് നടത്തുന്ന പോരാട്ടങ്ങളാണ് ഗെയിമിന്റെ ഇതിവൃത്തം.
ഗെയിം കളിക്കാൻ കമ്പനികൾ അവധി പ്രഖ്യാപിച്ചു; ഇന്ത്യയിലും ആവേശം
നവംബർ 19-ന് ജി.ടി.എ 6 റിലീസ് ചെയ്യുന്നതോടനുബന്ധിച്ച് ലോകമെമ്പാടും ജീവനക്കാർ കൂട്ടത്തോടെ അവധിക്ക് അപേക്ഷിച്ചതും, ചില പ്രമുഖ കമ്പനികൾ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചതും വലിയ വാർത്തയായിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള 'ഇൻഡെ ബൈ ചെയർകാർട്ടെ' എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനം, സ്വിസ്-അമേരിക്കൻ ടെക് കമ്പനിയായ ലോഗിടെക്, കനേഡിയൻ കമ്പനിയായ എഡിസൺ മോട്ടോഴ്സ്, കാലിഫോർണിയൻ കമ്പനിയായ ബർഗർ മോട്ടോർസ്പോട്സ്, ജാപ്പനീസ് ഗെയിം നിർമ്മാതാക്കളായ പോകറ്റ്പെയർ തുടങ്ങിയ സ്ഥാപനങ്ങളാണ് ജീവനക്കാർക്ക് ഗെയിം കളിക്കാനായി അവധി നൽകിയത്.
ജോർജിയയിലെ യു.എസ്. സൈന്യത്തിന്റെ ഒൻപതാം ബ്രിഗേഡ് ബെറ്റാലിയൻ ഒരു പടി കൂടി കടന്ന്, പുനർനിയമന കരാറിൽ ഒപ്പുവെക്കുന്ന സൈനികർക്ക് ഗെയിം റിലീസ് സമയത്ത് നാല് ദിവസത്തെ പ്രത്യേക പാസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും വൻ ആഘോഷങ്ങളോടെയാണ് യുവാക്കൾ ഗെയിമിനെ വരവേറ്റത്. ഡൽഹിയിലെ ഇമ്മോർട്ടൽ ഗെയിമിംഗ് കഫേയിൽ പാട്ടും ആർപ്പുവിളികളുമായി ഗെയിമിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ആരാധകർ റിലീസ് ആഘോഷിച്ചത്.
