വാട്‌സ്ആപ്പിൽ അക്കൗണ്ടില്ലെങ്കിലും ഇനി കോൾ ചെയ്യാം; പുതിയ 'ഗെസ്റ്റ് കോളിംഗ്' ഫീച്ചറുമായി മെറ്റ

  1. Home
  2. Tech

വാട്‌സ്ആപ്പിൽ അക്കൗണ്ടില്ലെങ്കിലും ഇനി കോൾ ചെയ്യാം; പുതിയ 'ഗെസ്റ്റ് കോളിംഗ്' ഫീച്ചറുമായി മെറ്റ

whatsapp


വാട്‌സ്ആപ്പ് കോളുകളിൽ പങ്കെടുക്കാൻ ഇനി ആപ്പോ അക്കൗണ്ടോ നിർബന്ധമില്ല. അക്കൗണ്ടോ ആപ്ലിക്കേഷനോ ഇല്ലാത്തവർക്കും വാട്‌സ്ആപ്പ് കോളുകളിൽ എളുപ്പത്തിൽ പങ്കുചേരാൻ കഴിയുന്ന പുതിയ 'ഗെസ്റ്റ് കോളിംഗ്' ഫീച്ചർ മെറ്റ അവതരിപ്പിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി ഈ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടത്.

ഓഫീസ് മീറ്റിങ്ങുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയിൽ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത സാഹചര്യങ്ങളിലും ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. ഉപയോക്താക്കൾക്കായി ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഫീച്ചറിന്റെ പ്രധാന സവിശേഷതകൾ:

  • വാട്‌സ്ആപ്പ് അക്കൗണ്ടില്ലാത്തവർക്കും ബ്രൗസർ വഴി ലിങ്ക് ഉപയോഗിച്ച് കോളുകളിൽ ജോയിൻ ചെയ്യാം.
  • എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിന്തുണയോടെയാണ് ഈ കോളുകളും സുരക്ഷിതമായി നടക്കുന്നത്.
  • സമയപരിധികളില്ലാതെ സൗജന്യമായി ഗെസ്റ്റുകൾക്ക് സംസാരിക്കാം.
  • പരമാവധി 32 പേർക്ക് വരെ ഒരു കോളിന്റെ ഭാഗമാകാം (വൺ-ടു-വൺ, ഗ്രൂപ്പ് കോളുകൾ ലഭ്യമാണ്).
  • ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ ആദ്യം വെയിറ്റിംഗ് റൂമിലായിരിക്കും പ്രവേശിക്കുക. കോൾ ഹോസ്റ്റ് അനുമതി നൽകിയാൽ മാത്രമേ കോളിന്റെ ഭാഗമാകാൻ സാധിക്കൂ.
  • കോളിനിടയിൽ ആരെയും പുറത്താക്കാനുള്ള അധികാരവും ഹോസ്റ്റിനുണ്ട്.
  • സ്ക്രീൻ ഷെയറിങ്, ഇമോജികൾ, ചർച്ചകളിൽ കൈ ഉയർത്താനുള്ള ഓപ്ഷൻ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും.

എന്നാൽ, വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ഗെസ്റ്റുകൾക്ക് മറ്റ് പങ്കാളികളുടെ ഫോൺ നമ്പർ കാണാനോ, ചാറ്റ് വഴി സന്ദേശങ്ങൾ അയക്കാനോ, പുതിയ ആളുകളെ കോളിയിലേക്ക് ചേർക്കാനോ കഴിയില്ല. വാട്‌സ്ആപ്പ് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഗെസ്റ്റ് കോൾ ലിങ്ക് ക്രിയേറ്റ് ചെയ്യാൻ സാധിക്കുക. കൂടാതെ, ഗൂഗിൾ കലണ്ടർ, മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് എന്നിവയുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ച് മീറ്റിംഗ് ലിങ്കുകൾ നേരിട്ട് ഉൾപ്പെടുത്താനുള്ള സംവിധാനവും കമ്പനി ഉടൻ കൊണ്ടുവരുന്നുണ്ട്.