ഇ.വികൾ പെരുവഴിയിലാകില്ല; ദേശീയപാതകളിൽ ഇനി 'റോഡ് സൈഡ് അസിസ്റ്റൻസ്' ഹബുകൾ
ഇലക്ട്രിക് വാഹനം (EV) ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ദീർഘദൂര യാത്രയ്ക്കിടെ ചാർജ് തീർന്നോ സാങ്കേതിക തകരാറുകൾ മൂലമോ വാഹനം വഴിയിലാകുമെന്ന ആശങ്ക പരിഹരിക്കാൻ രാജ്യത്തെ ഹൈവേകളിൽ പ്രത്യേക 'ഇ.വി ഹബുകൾ' വരുന്നു. ചാർജിംഗ് സൗകര്യത്തിനൊപ്പം അറ്റകുറ്റപ്പണികൾക്കായി വിദഗ്ധരായ ടെക്നീഷ്യന്മാരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) സ്ഥാപിക്കുന്ന ഈ ഹബുകൾ 'ഇ.വി റോഡ് സൈഡ് അസിസ്റ്റൻസ്' (RSA), 'ഓൺ റോഡ് സർവീസസ്' (ORS) എന്നീ പേരുകളിലാകും അറിയപ്പെടുക. വാഹന നിർമ്മാതാക്കളെയും സർവീസ് കമ്പനികളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ വാഹന ഉടമകൾക്കും വാണിജ്യ ആവശ്യങ്ങൾക്കായി ഇ.വി ഉപയോഗിക്കുന്നവർക്കും ഒരുപോലെ ഈ സേവനം പ്രയോജനപ്പെടും.
നിർമ്മാണത്തിലിരിക്കുന്ന 1,300 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ ഹബ് നിലവിൽ വരിക. നിലവിൽ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ഉപയോഗം രാജ്യത്തെ പ്രധാന ഹൈവേകളിലേക്കും വ്യാപിപ്പിക്കാൻ ഈ നീക്കം സഹായിക്കും. 2047-ഓടെ 50,000 കിലോമീറ്റർ എക്സ്പ്രസ് വേകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ ചാർജിംഗ് പോയിന്റുകളും സേവന കേന്ദ്രങ്ങളും ഒരുങ്ങുന്നതോടെ ഇ.വി വിപണിയിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
