ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുന്നു; യു.എസ് സംസ്ഥാനങ്ങളുടെ ആരോപണം നിഷേധിച്ച് മെറ്റ

  1. Home
  2. Tech

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുന്നു; യു.എസ് സംസ്ഥാനങ്ങളുടെ ആരോപണം നിഷേധിച്ച് മെറ്റ

META


ലാഭം നേടുന്നതിനായി കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൂടുതൽ സമയം ചെലവഴിക്കാൻ മെറ്റ മനഃപൂർവം പ്രേരിപ്പിച്ചെന്ന ആരോപണം യു.എസ് കോടതിയിൽ മെറ്റ നിഷേധിച്ചു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ആത്മഹത്യയിലേക്ക് വരെ നയിച്ചെന്നുമാണ് 29 യു.എസ് സംസ്ഥാനങ്ങൾ ആരോപിച്ചത്. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും ഹർജിയിൽ പറയുന്നു.

കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങളാണ് ആരോപണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം നിലനിർത്തുകയാണ് മെറ്റയുടെ രീതി എന്ന് കാലിഫോർണിയ ഡെപ്യൂട്ടി അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ സമൂഹമാധ്യമ ഉപയോഗവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് മെറ്റയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ലൈക്കുകൾ ഒഴിവാക്കുക, ഇൻഫിനിറ്റ് സ്ക്രോളിങ് മാറ്റുക, ഉപയോഗസമയത്തിന് പരിധി നിശ്ചയിക്കുക, 13 വയസ്സിന് താഴെയുള്ള കുട്ടികളെ തടയുക എന്നിവയാണ് സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യങ്ങൾ. വിധി മെറ്റയ്ക്ക് എതിരായാൽ വലിയ പിഴ ചുമത്തപ്പെടാൻ സാധ്യതയുണ്ട്. മൊഴി നൽകിയ മുൻ മെറ്റ സുരക്ഷാ എൻജിനീയർ ആർതുറോ ബെജാർ, സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന് മെറ്റയ്ക്ക് അറിയാമായിരുന്നു എന്ന് ആരോപിച്ചു. മാർക്ക് സക്കർബർഗും ആദം മൊസേരിയും വിചാരണയിൽ മൊഴി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-ൽ ഫയൽ ചെയ്ത കേസിൽ ആറാഴ്ച നീളുന്ന വിചാരണയ്ക്ക് ശേഷമായിരിക്കും അന്തിമ വിധി.