അജ്മാനിൽ ആദ്യ സംയോജിത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു; വടക്കൻ എമിറേറ്റുകളിലെ ആദ്യ സംവിധാനം
അജ്മാൻ എമിറേറ്റിലെ ആദ്യത്തെ സംയോജിത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. യുഎഇയിലെ ആദ്യ സർക്കാർ ഉടമസ്ഥതയിലുള്ള ഇവി ചാർജിങ് ശൃംഖലയായ 'യുഎഇവി'യുടെ (UAEV) കീഴിലാണ് ഈ പദ്ധതി. വടക്കൻ എമിറേറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്.
ഒരേസമയം 20 വാഹനങ്ങൾ വരെ ചാർജ് ചെയ്യാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. മേഖലയിലെ ഏറ്റവും വേഗതയേറിയ 400 കിലോവാട്ട് ശേഷിയുള്ള അൾട്രാ-ഫാസ്റ്റ് ചാർജറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ചാർജിങ് സമയത്തിൽ വലിയ കുറവുണ്ടാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.
യുഎഇയുടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റത്തിന് ഈ സംവിധാനം വലിയ കരുത്തുപകരുമെന്ന് ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. എമിറേറ്റിന്റെ പരിസ്ഥിതി സൗഹൃദ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ കേന്ദ്രം ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
