ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ഗൂഗിൾ; കരകൗശല പൈതൃകത്തിന് ആദരമായി പ്രത്യേക ഡൂഡിൽ
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക വൈവിധ്യവും കലാപാരമ്പര്യവും വിളിച്ചോതുന്ന വർണ്ണാഭമായ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രശൈലികളിൽ നിന്നും കരകൗശല വിദ്യകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗൂഗിൾ ഹോം പേജിലെ പുതിയ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
ന്യൂഡൽഹി ആസ്ഥാനമായുള്ള ഗസ്റ്റ് ആർട്ടിസ്റ്റ് നമ്രത കുമാറാണ് ഈ പ്രത്യേക ഡൂഡിൽ രൂപകൽപ്പന ചെയ്തത്. രാജ്യത്തിന്റെ തനതായ നെയ്ത്തു പാരമ്പര്യങ്ങളോടുള്ള ആദരവാണ് ഈ ചിത്രീകരണമെന്ന് നമ്രത കുമാർ പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കച്ച് എംബ്രോയ്ഡറികൾ, മിറർ വർക്കുകൾ, ദക്ഷിണേന്ത്യൻ പട്ടുനെയ്ത്തുകൾ, വിവിധ ഗോത്രവർഗ്ഗ തുണിത്തരങ്ങൾ എന്നിവയുടെ മാതൃകകൾ ഡൂഡിലിൽ സമന്വയിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായി നടന്നു. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. ചെങ്കോട്ടയിലെ ചടങ്ങിൽ ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. മൂന്ന് മിനിറ്റോളം ബാൻഡ് രൂപത്തിൽ വന്ദേമാതരം അവതരിപ്പിച്ച ശേഷമാണ് ദേശീയഗാനം ആലപിച്ചത്. എന്നാൽ, കേരളത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല.
