ചരിത്രം കുറിച്ച് ആർട്ടെമിസ് 2; സഞ്ചാരികൾ നാളെ പസഫിക് സമുദ്രത്തിൽ ഇറങ്ങും

  1. Home
  2. Tech

ചരിത്രം കുറിച്ച് ആർട്ടെമിസ് 2; സഞ്ചാരികൾ നാളെ പസഫിക് സമുദ്രത്തിൽ ഇറങ്ങും

artemis 2


അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യസംഘം മടക്കയാത്രയിൽ. പത്ത് ദിവസം നീണ്ട ഐതിഹാസിക ദൗത്യം പൂർത്തിയാക്കി ഒറൈൺ പേടകം നാളെ (ഏപ്രിൽ 11) ഇന്ത്യൻ സമയം പുലർച്ചെ 5.37-ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ പതിക്കും (Splashdown). ഏപ്രിൽ രണ്ടിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ദൗത്യം ആരംഭിച്ചത്.

ഈ യാത്രയിൽ നിരവധി റെക്കോർഡുകളാണ് ദൗത്യസംഘം സ്വന്തമാക്കിയത്. ഏപ്രിൽ 6-ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന അപ്പോളോ 13-ന്റെ റെക്കോർഡ് ഈ സംഘം മറികടന്നു. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തമായ 'ഓറിയന്റലെ ബേസ്' നേരിൽ കണ്ടതും യാത്രയ്ക്കിടെ സൂര്യഗ്രഹണത്തിന് സാക്ഷിയായതും യാത്രികർക്ക് വേറിട്ട അനുഭവമായി. ഭാവിയിലെ ആർട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി പേടകത്തിലെ ലൈഫ് സപ്പോർട്ട്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഈ യാത്രയിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.

നാലുപേരടങ്ങുന്ന സംഘമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുള്ളത്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറമി ഹാൻസനും സംഘത്തിലുണ്ട്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയെന്ന നേട്ടം ക്രിസ്റ്റീന കോച്ച് ഇതോടെ സ്വന്തമാക്കി. ചന്ദ്രനിൽ ഇറങ്ങാതെ ഉപഗ്രഹത്തെ വലംവെച്ച് മടങ്ങുന്ന ഈ ദൗത്യം, ഭാവിയിൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായകമാണ്.