ഇമേജ് ജനറേഷൻ ഇനി കൂടുതൽ വേഗത്തിൽ; പുതിയ മാറ്റങ്ങളുമായി ചാറ്റ് ജിപിടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐ, ചാറ്റ് ജിപിടിയിലെ ഇമേജ് ജനറേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ചു. ജിപിടി ഇമേജ് 1.5 പതിപ്പിലാണ് കൂടുതൽ ഉപഭോക്തൃ സൗഹൃദമായ ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും ഒരു ചാറ്റ് വിൻഡോ എന്ന രീതി മാറ്റി, ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി മാത്രമായി ചാറ്റ് ജിപിടിയിൽ പ്രത്യേക 'ഇമേജ് ടാബ്' നൽകിയിട്ടുണ്ട് എന്നതാണ് ഈ അപ്‌ഡേഷനിലെ ഏറ്റവും പ്രധാന മാറ്റം. വെബ് പതിപ്പിലും മൊബൈലിലും സൈഡ് ബാറിലാണ് ഈ പുതിയ ടാബ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ദൈർഘ്യമേറിയ പ്രോംപ്റ്റുകൾ ടൈപ്പ് ചെയ്യാൻ താല്പര്യമില്ലാത്തവർക്കും വേഗത്തിൽ ഫലം ആഗ്രഹിക്കുന്നവർക്കും ഈ മാറ്റം ഏറെ ഉപകരിക്കും. പ്രോംപ്റ്റിൽ ഉപയോക്താവ് പ്രത്യേകം ആവശ്യപ്പെടാതെ തന്നെ ചിത്രത്തിലെ ലൈറ്റിംഗ്, ലേ-ഔട്ട്, മുഖഭാവങ്ങൾ എന്നിവയിൽ മാറ്റം വരുത്തില്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കി.
ചിത്രങ്ങൾക്കുള്ളിലെ അക്ഷരങ്ങളും വാക്കുകളും ഇനി കൂടുതൽ കൃത്യതയോടെയും വ്യക്തതയോടെയും ലഭിക്കും. കൂടാതെ ഇമേജ് ജനറേഷൻ എടുക്കുന്ന സമയം മുൻപത്തെക്കാൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഇമേജുകൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഈ പുതിയ വിൻഡോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
